ഇത്തവണത്തെ ഗ്രാഫിക്സിനുള്ള ഓസ്കര്‍ അവാര്‍ഡ് നേടിയ ചിത്രം ഗോഡ്‌സില്ല മൈനസ് വൺ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിങ്.
125 കോടി ബജറ്റിൽ നിർമിച്ച ജാപ്പനീസ് ചിത്രം ആഗോളതലത്തില്‍ മികച്ച കളക്ഷനും നിരൂപക പ്രശംസയുമാണ് ഏറ്റുവാങ്ങിയത്. 70 വർഷത്തിനിടയിൽ റിലീസ് ചെയ്ത 38 ഗോഡ്സില്ല സിനിമകളില്‍ ഓസ്‌കർ നേടുന്ന ആദ്യ ഗോഡ്‌സില്ല ചിത്രവും യുഎസ് ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ വിദേശ ഭാഷാ ചിത്രം കൂടിയാണ്.
.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യാതനകളില്‍ മുങ്ങിയ ജപ്പാനില്‍ ഗോഡ്‌സില്ല എത്തുകയും നഗരത്തെ ആക്രമിക്കുയും ചെയ്യുന്ന കഥയാണ് ചിത്രം. കുറഞ്ഞ ചിലവില്‍ നിര്‍മിച്ച ഗ്രാഫിക്സ് വിസ്മയം എന്നു തന്നെ ഗോഡ്സില്ലയെ പറയാം. സംവിധായകൻ തകാഷി ഉൾപ്പെടെ 35 വിഎഫ്എക്സ് ആർടിസ്റ്റുകൾ മാത്രമാണ് സിനിമയുടെ വിഎഫ്എക്സ് വിഭാഗത്തിൽ പ്രവർത്തിച്ചത്. 610 വിഎഫ്എക്സ് ഷോട്ടുകളാണ് ആകെ ഉപയോഗിച്ചത്. അതേസമയം കഴിഞ്ഞ വർഷം വിഷ്വൽ ഇഫക്ട്സിന് ഓസ്കർ നേടിയ അവതാർ വേ ഓഫ് വാട്ടറിലാകട്ടെ 3,289 വിഎഫ്ക്സ് ഷോട്ടുകളാണ് ഉപയോഗിച്ചിരുന്നത്.
2016-ൽ പുറത്തിറങ്ങിയ ഷിൻ ഗോഡ്‌സില്ലയ്ക്ക് ശേഷം ടോഹോ നിർമിച്ച ചിത്രമാണ് ഗോഡ്‌സില്ല മൈനസ് വൺ. തകാഷി യമസാകിയാണ് സംവിധാനം. 1954ൽ റിലീസ് ചെയ്ത ആദ്യ ഗോഡ്‌സില്ലയുടെ പുനർരൂപകൽപനയാണിത്. 100 മില്യൻ ഡോളറാണ് ചിത്രം ബോക്സോഫീസില്‍ വാരിക്കൂട്ടിയത്. വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ജാപ്പനീസ് റിലീസായിരുന്നു ചിത്രം.