ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രഭാസ്- നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എഡി ഒടിടി റിലീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബോക്സോഫീസില്‍ തംരഗം സ‍ൃഷ്ടിച്ച ചിത്രം ഉടന്‍ ഒടിടിയില്‍ ലഭ്യമാകും. രണ്ട് പ്ലാറ്റ്ഫോമുകളിലായിരിക്കും ചിത്രത്തിന്‍റെ സ്ട്രീമിങ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍, ശോഭന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്ന‍ഡ ഭാഷകളിലായാണ് ചിത്രം തിയറ്ററിലെത്തിയത്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്ലികിസിലും ചിത്രം എത്തും. ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെയായിരിക്കും ചിത്രം ഒടിടിയിലെത്തുക.

തെലുങ്ക്, മലയാളം, തമിഴ്, കന്നഡ പതിപ്പുകള്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും. അതേസമയം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടു നെറ്റ്ഫ്ലിക്സില്‍ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുക. ജൂലൈയിലായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ് ആദ്യം തീരുമാനിച്ചിരുന്നത് എങ്കിലും ചിത്രം കാണാന്‍ തിയറ്ററുകളിലേക്കുള്ള ആരാധകരുടെ ഒഴുക്ക് നിലയ്ക്കാത്ത പശ്ചാത്തലത്തില്‍ ഒടിടി റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. സെപ്റ്റംബര്‍ രണ്ടാം വാരത്തോടു കൂടി ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

600 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. റിലീസ് ചെയ്ത് 11 ദിവസത്തിനകം ചിത്രം 900 കോടി കടന്നിരുന്നു. ആദ്യം ദിവസം 191 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓപ്പണിങ് കളക്ഷനായിരരുന്നു ഇത്.

ENGLISH SUMMARY:

Prabhas- Nag Ashwin movie Kalki 2898 AD will start streaming on OTT from September second week, report