മണികണ്ഠന്‍ ആചാരി, ഗാര്‍ഗി അനന്തന്‍, രാജേഷ് ശര്‍മ്മ, മനോജ് കെ.യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിപിന്‍ പാറമേക്കാട്ടില്‍ നിര്‍മിച്ച് ചിദംബര പളനിയപ്പന്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഏകന്‍ അനേകന്‍ യൂട്യൂബില്‍ റിലീസായി. ഒരേ കഥാപാത്രം അഞ്ച് വ്യത്യസ്ത രീതിയിലാണ് മണികണ്ഠന്‍ അവതരിപ്പിച്ചിരിക്കുന്നത്. മലയാളിയല്ലാത്ത സംവിധായകൻ ഒരുക്കുന്ന മലയാള ചിത്രം എന്ന സവിശേഷതയും ഏകന്‍ അനേകനുണ്ട്. തമിഴ്നാട് കാറൈക്കുടി സ്വദേശിയാണ് ചിദംബര പളനിയപ്പന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് യൂട്യൂബില്‍ ലഭിക്കുന്നത്.
പ്രണയിച്ചു വിവാഹം കഴിച്ചവരാണ് കൈലാസും മിന്നുവും. കേരളത്തിലെ ഒരു കടലോര ഗ്രാമത്തിൽ ഒരു കൊച്ചു വീട്ടിൽ ആണ് അവരുടെ താമസം. വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളിലാണ് ലോക്ക്ഡൗൺ വരുന്നതും അവരുടെ ജീവിതം മാറി മറിയുന്നതും. നാട്ടിൽ സ്വന്തമായുള്ള ഒരു പലചരക്കുകടയാണ് അവരുടെ ഉപജീവന മാർഗം. ഒരു പ്രത്യേക സാഹചര്യത്തിൽ നിശ്ചിത സമയത്ത് കട അടയ്ക്കാത്തതിന് എസ്ഐ തോമസ് ഇടിക്കുളയുമായി കൈലാഷ് വഴക്കുണ്ടാക്കുന്നു. ഇടിക്കുള ദേഷ്യപ്പെടുകയും കൈലാസിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. തുടർന്നുള്ള സംഭവങ്ങളാണ് ചിത്രം പറയുന്നത്.