modi-pope

റോമില്‍ നടക്കുന്ന ജി സെവന്‍ ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കണ്ട് ലോകനേതാക്കള്‍. ഉച്ചകോടി വേദിയിലേക്ക് എത്തവെയാണ് ലോകനേതാക്കള്‍ മാര്‍പ്പാപ്പയ്ക്ക് ഹസ്തദാനം നല്‍കിയത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പ്പാപ്പയ്ക്ക് ഹസ്തദാനം നല്‍കിയ ശേഷം ആലിംഗനം ചെയ്യുന്ന വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 

 

 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതിന് ശേഷമാണ് കൂടിക്കാഴ്ച. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. യു.എസ്, യുക്രെയ്ന്‍, ഫ്രാന്‍സ്, ബ്രസീല്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുമുന്‍പ് 2021 ഒക്ടോബറില്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിച്ചിരുന്നു. ആദ്യമായാണ് ജി സെവന്‍ ഉച്ചകോടിയില്‍ ഒരു മാര്‍പാപ്പ പങ്കെടുക്കുന്നത്. 

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആണ് നരേന്ദ്രമോദിക്കു മുന്‍പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഹസ്തദാനം നടത്തി സംസാരിച്ചത്. പിന്നാലെ മോദിയുടെ ഊഴമായി. ആദ്യം കൈപിടിച്ചു സംസാരിച്ച ശേഷം മോദി മാര്‍പ്പാപ്പയെ ആലിംഗനം ചെയ്യുകയായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പ്രതിരോധം, ബഹിരാകാശം, ആണവമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി ലോകനേതാക്കളുമായി  ചര്‍ച്ച നടത്തുന്നുണ്ട്. മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. 

Modi hugs and greets pope on second day of g7 summit at rome: