ചൈനയെ പ്രകോപിപ്പിച്ച് യു.എസ്. പാര്‍ലമെന്‍റ് സംഘം ടിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. ധര്‍മശാലയിലെ ദലൈലാമയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സംഘത്തിലുണ്ടായിരുന്ന മുന്‍ യു.എസ്. പാര്‍ലമെന്‍റ് സ്പീക്കര്‍ നാന്‍സി പെലോസി ചൈനീസ് പ്രസിഡന്റ് ഷീ ചിങ് പിങ്ങിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
ടിബറ്റ് പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണമെന്ന് നിര്‍ദേശിക്കുന്ന ടിബറ്റ് ബില്ലില്‍ യു.എസ്. പ്രസിഡന്ര് ജോ ബൈഡന്‍ ഒപ്പുവച്ചേക്കുമെന്ന സൂചനകള്‍ ശക്തമായിരിക്കെയാണ് യു.എസ് പാര്‍ലമെന്റ് സംഘത്തിന്റെ സന്ദര്‍ശനം. മിഷേല്‍ മക്കോളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ധര്‍മശാലയിലെ ക്ഷേത്രം സന്ദര്‍ശിച്ചശേഷമാണ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയത്. ടിബറ്റിന്‍റെ സ്വാതന്ത്ര്യം അംഗീകരിക്കാത്ത ചൈനയുടെ നടപടിയെ യു.എസ് പാര്‍ലമെന്ര് മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി രൂക്ഷമായി വിമര്‍ശിച്ചു. ദലൈലാമയുടെ മഹത്വം എന്നും നിലനില്‍ക്കും. എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ്ങ് ഏതാനും വര്‍ഷത്തിനുള്ളില്‍ അപ്രസക്തനാകും. ടിബറ്റ് ജനതയുടെ ചരിത്രവും സംസ്കാരവും ഇല്ലാതാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
യു.എസ്. പാര്‍ലമെന്‍റ് സ്പീക്കറായിരിക്കെ നാന്‍സി പെലോസി ചൈനീസ് എതിര്‍പ്പ് അവഗണിച്ച് തായ്‌വാനില്‍ സന്ദര്‍ശനം നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. യു.എസ്. പ്രതിനിധി സംഘം കഴിഞ്ഞ ദിവസമാണ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയത്.