38 പേരുടെ ജീവനെടുത്ത അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ദുരന്തത്തിനു പിന്നില്‍ റഷ്യയെന്ന് ആരോപണം. വിമാനത്തിനു കേടുപാടുകള്‍ ഉണ്ടാക്കിയത് റഷ്യയുടെ ഭാഗത്തുനിന്നുള്ള വെടിവെപ്പാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് പറഞ്ഞു. വിമാനാപകടത്തിന്റെ കാരണം മറച്ചുവക്കാനാണ് റഷ്യ ശ്രമിച്ചതെന്നും എത്രയും വേഗം ദുരന്തത്തില്‍ റഷ്യ കുറ്റസമ്മതം നടത്തണമെന്നും അലിയേവ് ആവശ്യപ്പെട്ടു.
67 യാത്രക്കാരില്‍ 38 പേർ കൊല്ലപ്പെട്ട അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള വസ്തുതകൾ മറച്ചുവെക്കാൻ റഷ്യയിലെ ചില വൃത്തങ്ങള്‍ ശ്രമിച്ചതിൽ തനിക്ക് ദുഖവും പ്രയാസവുമുണ്ട്. പല തരത്തിലുള്ള വ്യാജപ്രചാരണങ്ങളും ദുരന്തത്തിനു പിന്നാലെ സൃഷ്ടിക്കപ്പെട്ടെന്നും അലിയേവ്. കാരണങ്ങളും തെറ്റുകളും മറച്ചുവക്കാനായി റഷ്യ തിടുക്കം കാട്ടുന്നതിന്റെ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും അസര്‍ബൈജന്‍ പറയുന്നു.
വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് റഷ്യന്‍ മേഖലയില്‍വച്ചാണെന്നാണ് അസര്‍ബൈജാന്‍ ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ കാരണമാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നും ടെയില്‍ ഭാഗത്തിനു ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതെന്നും പ്രസിഡന്റ് ആവര്‍ത്തിക്കുന്നു. വിമാനത്തിന്റ നിയന്ത്രണം നഷ്ടപ്പെടുന്നതിനു മുന്‍പ് മൂന്നുതവണ സ്ഫോടനശബ്ദം കേട്ടെന്ന് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരും വെളിപ്പെടുത്തിയിരുന്നു.
അതേസമയം റഷ്യന്‍ മേഖലയില്‍ നിന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതില്‍ ദുഖം രേഖപ്പെടുത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പക്ഷേ അപകടത്തില്‍ റഷ്യയുടെ പങ്കുണ്ടെന്ന ആരോപണം തള്ളുകയായിരുന്നു.