zoologist

TOPICS COVERED

ഓസ്ട്രേലിയയില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരതയ്ക്ക് 60 കേസുകള്‍ നേരിടുന്നയാള്‍ക്ക് 249 വര്‍ഷം തടവുശിക്ഷ. ആദം ബ്രിട്ടണ്‍ എന്ന സുവോളജിസ്റ്റിനെയാണ് കോടതി ശിക്ഷിച്ചത്. ഡസണ്‍ കണക്കിന് നായ്ക്കളെ അതിക്രൂരമായി ഉപദ്രവിച്ചു, അവയെ ബലാത്സംഗം ചെയ്തു കൊന്നു എന്നതടക്കമുള്ള കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. 

ഓസ്ട്രേലിയയിലെ ഡാര്‍വിനിലാണ് സംഭവം. മൃഗങ്ങളെ അതിക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന വിഡിയോകള്‍ പ്രതി റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഇതിനായി ‘ടോര്‍ച്ചര്‍ റൂം’ തന്നെ ഒരുക്കി. ഷിപ്പിങ് കണ്ടെയ്നര്‍ ആണ് ടോര്‍ച്ചര്‍ റൂമാക്കി മാറ്റിയത്. ഇവിടെ വച്ചാണ് ഇയാള്‍ നായ്ക്കളെ ബലാത്സംഗം ചെയ്ത് കൊന്നിരുന്നത്.

കേസില്‍ വാദം കേട്ട നോര്‍തേണ്‍ ടെറിറ്ററി സുപ്രീംകോടതി ജഡ്ജി മൈക്കള്‍ ഗ്രാന്‍റ് പറഞ്ഞത് ഇങ്ങനെ...‘ഈ സംഭവം നമ്മുടെ നാഡീഞരമ്പുകളെ പോലും മരവിപ്പിക്കുന്നതാണ്, അത്രത്തോളം മാനസികമായി വേട്ടയാടുന്നതാണ്. മൃഗങ്ങളോട് ഏറ്റവും വികൃതമായ പെരുമാറ്റം’. കോടതി മുറിയിലുണ്ടായിരുന്ന മൃഗസംരക്ഷകരെ അടക്കം പുറത്തുനിര്‍ത്തിയാണ് ജഡ്ജി വാദം കേട്ടത്. 

പ്രതിഭാഗം വക്കീല്‍ പുതിയ ചില റിപ്പോര്‍ട്ടുകള്‍ കൂടി കോടതിയില്‍ ഹാജരാക്കിയതോടെ കേസ് അടുത്തമാസം വീണ്ടും പരിഗണിക്കും. പ്രതിയുടെ മാനസികാവസ്ഥ കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്യണമെന്നാണ് ആവശ്യം. കുട്ടിക്കാലത്ത് പ്രതിയെ ബാധിച്ച ഒരുതരം മാനസിക വൈകല്യമാണിതെന്ന് അവര്‍ പറയുന്നു. അത് അയാളുടെ തെറ്റല്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ വിലക്കപ്പെട്ടതാണ്. അത്തരമൊരു സാഹചര്യത്തില്‍ ഈ വൈകല്യവുമായി വളര്‍ന്നയാളുടെ അവസ്ഥ കൂടി പരിഗണിക്കണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.