ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ്. സ്കോട്ട്ലന്‍ഡിന് എതിരെ പവര്‍പ്ലേയില്‍ ഓസ്ട്രേലിയന്‍ ബാറ്റേഴ്സ് തകര്‍ത്തടിച്ചെടുത്ത റണ്‍ കണക്കാണ് ഇത്. സ്കോട്ട്ലന്‍ഡ് മുന്‍പില്‍ വെച്ച 155 റണ്‍സ് മറികടക്കാന്‍ ഓസ്ട്രേലിയക്ക് വേണ്ടി വന്നത് 9.4 ഓവര്‍ മാത്രം. ഓസീസ് ഓപ്പണര്‍ ബാറ്റര്‍ ട്രാവിസ് ഹെഡ് ആണ് സ്കോട്ട്ലന്‍ഡ് ബോളര്‍മാരെ അടിച്ചോടിച്ചത്.
155 റണ്‍സ് പിന്‍തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ആദ്യ ഓവറിലെ മൂന്നാമത്തെ പന്തില്‍ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. മുന്നു പന്ത്മാത്രം നേരിട്ട ജേക്ക് ഫ്രെസര്‍ ഡക്കായി പുറത്തേക്ക് എന്നാല്‍ ഇത് കണ്ടൊന്നും ട്രാവിസ് ഹെഡ് കുലുങ്ങിയില്ല. 25 പന്തില്‍ നിന്നാണ് ഹെഡ് 80 റണ്‍സ് വാരിക്കൂട്ടിയത്. പറത്തിയത് 12 ഫോറും അഞ്ച് സിക്സും. സ്ട്രൈക്ക്റേറ്റ് 320. പവര്‍പ്ലേയില്‍ മാത്രം ട്രാവിസ് ഹെഡ് 73 റണ്‍സ് അടിച്ചെടുത്തു. പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുക്കുന്ന ബാറ്ററായി ഹെഡ്.
പവര്‍പ്ലേയില്‍ ട്വന്റി20യിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഓസ്ട്രേലിയ കണ്ടെത്തിയത്. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ദക്ഷിണാഫ്രിക്ക പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ നേടിയ 102 റണ്‍സിന്റെ റെക്കോര്‍ഡ് ആണ് ഇവിടെ ഓസ്ട്രേലിയ മറികടന്നത്. ട്രാവിസ് ഹെഡ്ഡിനൊപ്പം ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും വെടിക്കെട്ട് ബാറ്റിങ്ങിന് ഒപ്പം ചേര്‍ന്നിരുന്നു. ജാക് ജര്‍വസിന്റെ ഒരോവറില്‍ 30 റണ്‍സ് ആണ് മിച്ചല്‍ മാര്‍ഷ് അടിച്ചെടുത്തത്.
17 പന്തില്‍ മിച്ചല്‍ മാര്‍ഷ് അര്‍ധ ശതകവും കണ്ടെത്തി. ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ ഏഴാം ഓവറില്‍ മാര്‍ക്ക് വാട്ടിന് വിക്കറ്റ് നല്‍കി ട്രാവിസ് ഹെഡ്ഡു മിച്ചല്‍ മാര്‍ഷും മടങ്ങി. എന്നാല്‍ അപ്പോഴേക്കും സ്കോട്ട്ലന്‍ഡിന് മേല്‍ ഇരുവരും ചേര്‍ന്ന് കനത്ത നാശം വിതച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ ഇംഗ്ലിസും സ്കോറിങ്ങിന്റെ വേഗം കൂട്ടിയതോടെ 62 പന്തുകള്‍ ശേഷിക്കെ ഓസ്ട്രേലിയ ജയം തൊട്ടു.