chinese-train

Image Credit: twitter.com/TripInChina/ പ്രതീകാത്മക ചിത്രം

TOPICS COVERED

ഭാര്യയോടുളള സ്നേഹത്തിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ് 31കാരനായ യുവാവ്. ഭാര്യയെ കാണാനും ഭാര്യക്കൊപ്പം സമയം ചെലവഴിക്കാനും ദിവസേന 320 കിലോമീറ്ററാണ് ഇദ്ദേഹം യാത്ര ചെയ്യുന്നത്. ചൈനയിലാണ് സംഭവം. ലിന്‍ ഷു എന്ന 31കാരനാണ് ഭാര്യയോടുളള സ്നേഹത്തിന്‍റെ പേരില്‍ ദിവസവും ഇത്രയധികം ദൂരം യാത്ര ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വീട്ടില്‍ നിന്നും ഓഫീസിലേയ്ക്കും തിരിച്ച് വീട്ടിലേയ്ക്കുമുളള യാത്രകളും വിവരങ്ങളും ലിന്‍ ഷു ദിവസവും ചൈനീസ് സമൂഹമാധ്യമമായ ദോയിനില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഈ വീഡിയോകളിലൂടെയാണ് ലിന്‍ ഷുവിന്‍റെ ഭാര്യാസ്നേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

ചൈനയിലെ പ്രമുഖമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലിന്‍ ഷുവിന്‍റെ വിവാഹം കഴിഞ്ഞിട്ട് കുറച്ചുനാളുകള്‍ മാത്രമേ ആയിട്ടുളളു. രാവിലെ 5 മണിക്ക് ഉറക്കം ഉണരുന്ന ലിന്‍ ഷു 5.20ഓടേ യാത്ര തിരിക്കും. കിഴക്കന്‍ ചൈനയിലെ ലിന്‍ ഷാന്‍ദോങ് പ്രവിശ്യയിലുളള വെയ്ഫാങ്ങ് എന്ന സ്ഥലത്താണ് ലിന്‍ ഷു താമസിക്കുന്നത്. വീട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് ലിന്‍ ഷുവിന് 30 മിനിറ്റ് യാത്ര ചെയ്യണം. 6.15 ന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയാല്‍ മാത്രമേ ദിവസവും പോകുന്ന ട്രെയിന്‍ കിട്ടുകയുളളു. അതിനാല്‍ കൃത്യം 6.15ന് മുന്‍പ് തന്നെ ലിന്‍ ഷു റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. 

ക്വിങ്ദാവോ എന്ന സ്ഥലത്ത് 7.46ന് ട്രെയിന്‍ ഇറങ്ങുന്ന ലിന്‍ ഷുവിന് ഓഫീസില്‍ എത്താന്‍ അണ്ടര്‍ഗ്രൗണ്ട് സബ്‌വേയിലൂടെ വീണ്ടും 15 മിനിറ്റ് യാത്ര ചെയ്യണം. ഇത്രയും കഷ്ടപ്പെട്ട് ഓടി ഓഫീസിലെത്തിയാലും ജോലി ആരംഭിക്കുംമുന്‍പ് പ്രഭാത ഭക്ഷണം കഴിക്കാനുളള സമയം തനിക്ക് ലഭിക്കുമെന്ന് ലിന്‍ ഷു പറയുന്നു. ഭക്ഷണം കഴിച്ച് ഒന്‍പത് മണിയോടെ ലിന്‍ ഷു ജോലി ആരംഭിക്കും. ഇനി ജോലി എല്ലാം കഴിഞ്ഞാലും 3,4 മണിക്കൂറ്‍ യാത്രയുണ്ട് ലിന്‍ ഷുവിന് വീട്ടിലെത്താന്‍. യാതൊരു മടുപ്പും കൂടാതെ വീണ്ടും ഓഫീസില്‍ നിന്നും ലിന്‍ ഷു പതിവുപോലെ വീട്ടിലേക്കും യാത്ര തിരിക്കും. ഓഫീസും വീടും തമ്മില്‍ 160 കിലോമീറ്ററാണ് ദൂരം.  

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് ദിവസേനെ വീട്ടില്‍ പോയിവരുന്നത് എന്നാണ് ലിന്‍ ഷുവിനോട് സമൂഹമാധ്യമ ഉപഭോക്താക്കളുടെ ചോദ്യം. ഭാര്യയോടുളള സ്നേഹം ഒന്നുകൊണ്ട് മാത്രമെന്നായിരുന്നു ലിന്‍ ഷുവിന്‍റെ ഉത്തരം. പ്രണയത്തിന് വേണ്ടിയുളള യാത്രയായതിനാല്‍ തനിക്ക് യാതൊരുവിധ ബുദ്ധിമുട്ടും അനുഭവപ്പെടാറില്ലെന്നും ലിന്‍ ഷു പറഞ്ഞു. 7 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2024 മെയിലാണ് ലിന്‍ ഷുവും ഭാര്യയും വിവാഹിതരായത്. ഭാര്യയുടെ നാട്ടില്‍ തന്നെ ഫ്ലാറ്റ് വാങ്ങി അവിടെ നിന്നുമാണ് ലിന്‍ ഷു ദിവസവും ജോലിക്ക് പോയി വരുന്നത്. 

അതേസമയം ലിന്‍ ഷുവിന്‍റെ യാത്രാ ദുരിതം ഓര്‍ത്ത് ഭാര്യ ക്വിങ്ദാവോയില്‍ ജോലിക്കായി ശ്രമിക്കുന്നുണ്ടെന്നും അവിടെ ജോലി ലഭിച്ചാല്‍ അങ്ങോട്ട് ഇരുവരും മാറുമെന്നും ലിന്‍ ഷു വ്യക്തമാക്കി. വിഡിയോ വൈറലായതോടെ ലിന്‍ ഷുവിന്‍റെ ഭാര്യസ്നേഹത്തിന് മുന്നില്‍ കയ്യടിക്കുകയാണ് സോഷ്യല്‍ ലോകം. 

ENGLISH SUMMARY:

Newly Married Man Travels 320 Km a Day to Meet His Wife