tim-cook-iphone

സെപ്റ്റംബര്‍ 9ാം തീയതി ഐഫോൺ 16 പുറത്തിറങ്ങാനിരിക്കുകയാണ്. പുതിയ ഫോണിന്‍റെ സവിശേഷതകള്‍ എന്തൊക്കയായിരിക്കും എന്ന ആകാംഷയിലാണ് ഐഫോൺ പ്രേമികള്‍. ഇപ്പോഴിതാ, ഐഫോണിനെ കുറിച്ചുള്ള രസകരമായ ഒരുവിവരം പുറത്തുവിട്ടിരിക്കുകയാണ് ആപ്പിൾ സിഇഒ ടിം കുക്ക്. 

ഐഫോൺ എന്തുകൊണ്ട് ചൈനയിൽ മാത്രം കൂടുതലായി ഉത്പ്പാദിപ്പിപ്പിക്കുന്നു എന്നതിനുള്ള ഉത്തരമാണ് ടിം കുക്ക് പുറത്തുവിട്ടിരിക്കുന്നത്.  കുറഞ്ഞ തൊഴിൽ ചെലവ് മാത്രമല്ല ഇതിനു പിന്നിലുള്ള കാരണമെന്നും അവിടുത്തെ ജനങ്ങളുടെ തൊഴിൽ നൈപുണ്യം കൂടി കണക്കാക്കിയാണ് ചൈനയെ ഐഫോണ്‍ നിര്‍മാണത്തിനായി കമ്പനി തിര‍ഞ്ഞെടുത്തതെന്നും അദ്ദേഹം പറയുന്നു. 

വൈവിധ്യമായ തൊഴിൽ നൈപുണ്യമുളള ആളുകൾ ചൈനയിൽ ഉണ്ട്. അവരെല്ലാം ഒരു കുടക്കീഴിൽ ഉണ്ടെന്നുള്ളതും ഒരു അനുകൂല ഘടകമാണ്. ഇതിനുള്ള ഉദാഹരണവും ടിം കുക്ക് പറയുന്നുണ്ട്. യുഎസില്‍ ഇത്തരത്തിലൊരു ടൂളിങ് എൻജിനീയർമാരുടെ മാത്രം ഒരു മീറ്റിംഗ് വിളിച്ചാൽ ഒരു റൂമിലിരിക്കാനുള്ള ആളുകള്‍ പോലും ഉണ്ടാവില്ല. എന്നാല്‍ ചൈനയില്‍ അങ്ങനെയല്ലെന്നും ഇത്തരത്തില്‍ ഒരു മീറ്റിംഗ് വിളിച്ചാല്‍ ഒരുപാട് ഫുട്ബോൾ മൈതാനങ്ങൾ നിറയ്ക്കാനുള്ള ആളുകളെ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തക്കാലത്തായി ഇന്ത്യയിലും ഐഫോണിന്റെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരിലുള്ള ഫാക്ടറിയിൽ ഐഫോൺ 15 നിർമിച്ചിരുന്നു. ഇപ്പോൾ ഐഫോൺ പ്ലസ് മോഡലുകളും ലോഞ്ചിന് ശേഷം തമിഴ്‌നാട്ടിൽ നിർമിക്കുമെന്ന് വിവരങ്ങളുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യയിൽ ഐഫോണുകളുടെ വിലയിൽ കുറവുണ്ടാകാനിടയുണ്ട് എന്ന വാര്‍ത്തകളും സജീവമാണ്.  

അതേസമയം, ഐഫോണിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അവയുടെ വില എന്താകുമെന്ന ആകാംഷയിലും കൂടിയാണ് ഐഫോൺ പ്രേമികൾ. ഐഫോൺ 16 മോഡലിന് അമേരിക്കയിൽ ഏകദേശം $799 അതായത് 67,100 രൂപയാകും വില. ഐഫോൺ 16 പ്ലസിന് $899, ഏകദേശം 75,500 രൂപയായിരിക്കും വില. ഐഫോൺ പ്രോയിന് $1,099 ( 92,300 രൂപ ) പ്രോ മാക്സിന് $1,199 ( ഏകദേശം 1,00,700) എന്നിങ്ങനെയാണ് വിലയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.