രക്ഷപ്പെട്ടോടാന്‍ സൈന്യം ഷെയ്ഖ് ഹസീനയ്ക്കു നല്‍കിയത് 45മിനിറ്റ് സമയം. അരമിനിറ്റ് പോലും പാഴാക്കാതെ ഹസീന രാജ്യം വിട്ടു. അത്രത്തോളം ഗുരുതരമായിരുന്നു ബംഗ്ലാദേശിലെ സ്ഥിതി. ഇളയസഹോദരി ഷെയ്ഖ് രഹാനക്കൊപ്പം ബംഗ്ലാദേശില്‍ നിന്നും സൈനികഹെലികോപ്ടറില്‍ പറന്ന ഹസീന ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് എത്തിച്ചേര്‍ന്നത്. രാജ്യത്തെ ഒന്ന് അഭിസംബോധന ചെയ്യണമെന്ന് ഹസീന ആഗ്രഹിച്ചെങ്കിലും അതിനുപോലും സൈന്യം സമയം നല്‍കിയില്ലെന്നതാണ് വാസ്തവം. സ്പീച്ച് തയ്യാറാക്കാനെടുക്കുന്ന സമയംകൊണ്ട് നാടുവിടാനാണ്ഹസീനയോട് സുരക്ഷാസേനയും ആവശ്യപ്പെട്ടത്. അത്രത്തോളം ഗുരുതരമായിരുന്നു അന്നാട്ടിലെ പ്രതിസന്ധി.
രാജ്യപ്രതിസന്ധി ചൂണ്ടിക്കാട്ടി ഇടക്കാലസര്‍ക്കാര്‍ രൂപീകരിക്കുകയാണെന്ന് സൈനികമേധാവി വഖര്‍ ഉസ് സമന്‍ ജനങ്ങളെ അറിയിച്ചു. ഇതോടെ ബംഗ്ലാദേശുമായി പങ്കിടുന്ന 4096കിമീറ്ററോളം നീളുന്ന അതിര്‍ത്തി ഇന്ത്യന്‍ ബിഎസ്എഫും സുരക്ഷിതമാക്കി. ആ രാജ്യത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവച്ചു.
സ്വാതന്ത്ര്യസമര സേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് പ്രധാനമന്ത്രി പദത്തില്‍ നിന്നും ഷെയ്ഖ് ഹസീനയെ രാജിയിലെത്തിച്ചത്. പിന്നാലെ സഹോദരിക്കൊപ്പം ഹസീന ഇന്ത്യയിലെത്തി. ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ആദ്യഘട്ട സമരത്തിലെ പ്രക്ഷോഭകര്‍ക്കു നേരെ ജൂലൈ 14ന് ഹസീന നടത്തിയ പരാമര്‍ശമാണ് പ്രക്ഷോഭം ആളിപ്പടരുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. സ്വാതന്ത്ര്യസമര സേനാനികളുടെ മക്കള്‍ക്കല്ലാതെ റസാക്കര്‍മാരുടെ പിന്മുറക്കാര്‍ക്കാണോ സംവരണം നല്‍കേണ്ടതെന്നായിരുന്നു അന്ന് ഹസീന ചോദിച്ച ചോദ്യം. ഇതു പ്രക്ഷോഭകരെ ആഴത്തില്‍ തന്നെ മുറിവേല്‍പ്പിച്ചു.
സ്വാതന്ത്ര്യസമരത്തില്‍ പാക്കിസ്ഥാന്‍ പട്ടാളത്തിനൊപ്പം ചേര്‍ന്ന് ബംഗ്ലദേശുകാരെ ഒറ്റുകൊടുത്ത മൂന്നു തദ്ദേശ വിഭാഗങ്ങളാണ് റസാക്കര്‍, അല്‍ ബാദര്‍, അല്‍ ഷാം എന്നീ സംഘങ്ങള്‍. ഇവരെ രാജ്യദ്രോഹികളായും ഈ പേര് പറയുന്നത് അപമാനമായുമാണ് ബംഗ്ലദേശ് ജനത കണക്കാക്കുന്നത്. ഒടുവില്‍ വന്ന കണക്കുകള്‍ പ്രകാരം 10,789 പേരെ റസാക്കര്‍മാരാക്കി മുദ്രകുത്തിയിട്ടുണ്ട്. ഹസീനയുടെ പരാമര്‍ശത്തില്‍ ക്ഷുഭിതരായ സമരക്കാര്‍ രാജ്യത്തിന്റെ നല്ലഭാവിക്കായി പൊരുതുന്നവരെ ഹസീന രാജ്യദ്രോഹികളെന്ന് വിളിച്ചെന്നാരോപിച്ച് വിപ്ലവം കടുപ്പിച്ചു.
ആരാണ് ഞാന്‍, ആരാണ് നീ, റസാക്കര്‍, റസാക്കര്‍, ഇതായിരുന്നു ഹസീനയെ പ്രതിരോധിച്ച് സംവരണ-സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികള്‍ മുഴക്കിയിരുന്ന പ്രധാന മുദ്രാവാക്യം. അന്നത്തെ പ്രക്ഷോഭത്തിനു പിന്നാലെ, സംവരണം 30ശ്തമാനത്തില്‍ നിന്നും 5മശതമാനമാക്കി കുറച്ച് സുപ്രീംകോടതി ഇടപെട്ടതോടെ പ്രക്ഷോഭത്തിനു തല്‍ക്കാലികശമനം വന്നിരുന്നു. എങ്കിലും വെറുതെയിരിക്കാന്‍ പ്രക്ഷോഭകര്‍ തയ്യാറായില്ല. ഹസീനയെ പ്രധാനമന്ത്രിക്കസേരയില്‍ നിന്നും താഴെയിറക്കണമെന്ന ലക്ഷ്യത്തോടെ രണ്ടാംഘട്ട പ്രക്ഷോഭം. സര്‍ക്കാറിന്റെ അഴിമതിയും ജനവിരുദ്ധനയങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ ഘട്ടം തുടങ്ങിയത്. സര്‍ക്കാര്‍ നിയമനങ്ങളില്‍ സുതാര്യത വേണമെന്നതും പിടികൂടിയ വിദ്യാര്‍ത്ഥിനേതാക്കളെ പുറത്തുവിടണമെന്നതും സമരക്കാരുടെ ആവശ്യമായിരുന്നു.
ഹസീന രാജിവയ്ക്കുന്നതുവരെ ആരും നികുതി നൽകരുതെന്നും വൈദ്യുതി, ജല ബില്ലുകൾ അടയ്ക്കരുതെന്നും സമരക്കാർ ആഹ്വാനം ചെയ്തു. പ്രക്ഷോഭം കടുത്ത രക്തച്ചൊരിച്ചിലേക്കും രാജ്യത്തെ കൊണ്ടെത്തിച്ചു. പ്രക്ഷോഭത്തില്‍ ഇതുവരെ 300ഓളം പേര്‍ കൊല്ലപ്പെട്ടു. 13 ജില്ലകളിലേക്ക് കലാപം വ്യാപിച്ചു. സിറാജ്ഗഞ്ചിലായിരുന്നു സ്ഥിതി ഏറ്റവും ഗുരുതരം. ഇന്നലെ മുതല്‍ 100ഓളം പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു . ഏതാനും ദിവസങ്ങളായി പ്രക്ഷോഭം പൊലീസും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഒടുവില്‍ ഹസീനയുടെ ഔദ്യോഗിക വസതിയായ ഗൊനോബാബന്‍ ആയിരങ്ങള്‍ ബലംപ്രയോഗിച്ച് കയ്യേറി. സേനാ മേധാവി വഖര്‍ ഉസ് സമന്‍ രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടതോടെ ഹസീനയുടെ ഔദ്യോഗിക വസതിയായ ഗൊനോബാബന്‍ ആയിരങ്ങള്‍ ബലംപ്രയോഗിച്ച് കയ്യേറി. സേനാ മേധാവി വഖര്‍ ഉസ് സമന്‍ രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയാണെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി രാജിവെച്ചതോടെ വലിയ ആഘോഷമാണ് സമരക്കാരുടെ നേതൃത്വത്തില്‍ നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം.