ഗൾഫിലെ പ്രവാസികൾ മാത്രമല്ല മലയാളത്തെ അറിയുന്ന കേരളത്തെ അറിയുന്ന അന്യരാജ്യക്കാരുമുണ്ട് വയനാടിന് കൈത്താങ്ങാകാൻ മുൻപന്തിയിൽ. മലയാളം പറഞ്ഞ് ഞെട്ടിച്ച എമറാത്തി സഹോദരിമാരായ നൂറയും മറിയവുമാണ് അക്കൂട്ടത്തിൽ ആദ്യം സഹായവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുവരും തുകകൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് അറിയാമായിരുന്നെങ്കിലും എങ്ങനെ തുക കൈമാറണമെന്ന് അറിയില്ലായിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഇക്കാര്യം അന്വേഷിച്ചപ്പോൾ ലിങ്ക് അയച്ചുകിട്ടുകയായിരുന്നെന്നും നൂറ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ തുക എത്രയെന്ന് വെളിപ്പെടുത്താൻ ഇവർ തയ്യാറല്ല.  മറ്റുള്ളവർക്ക് പ്രചോദനമാവുകയാണെങ്കിൽ നല്ല കാര്യമല്ലേയെന്ന ചിന്ത കൊണ്ടുമാത്രമാണ് തുക കൈമാറിയ വിവരം വെളിപ്പെടുത്തിയതെന്നും സഹോദരിമാർ വ്യക്തമാക്കി.  

വീട്ടുജോലികളിൽ  സഹായത്തിനെത്തിയ മലയാളികളാണ് നൂറയേയും മറിയത്തിനെയും മലയാളം പഠിപ്പിച്ചത്. അവരിൽ നിന്ന് പഠിപ്പിച്ച ഭാഷ കേരളത്തെയും കേരളീയവരെയും കുറിച്ച് കൂടുതൽ അറിയാൻ വഴിവച്ചു. പിന്നെ മലയാള സിനിമകളാണ് കേരളവുമായി ഇവരെ കൂടുതൽ അടുപ്പിച്ചത്. ഇഷ്ടം കൂടി ഒരിക്കൽ കേരളം സന്ദർശിക്കുകയും ചെയ്തിരുന്നു ഇരുവരും.

പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ തൈമൂർ താരിഖാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയ മറ്റൊരു അന്യരാജ്യക്കാരൻ. കേരളത്തിന്റെ മരുമകൻ കൂടിയായ തൈമൂറിന് വയനാടിന്റെ ദുരന്തം സ്വന്തം നാടിനുണ്ടായ ദുരന്തത്തിന് സമാനമാണ്.  ദുബായിൽ സ്ഥിരതാമസക്കാരനായ തൈമൂർ വിവാഹം കഴിച്ചിരിക്കുന്നത് കോട്ടയം പുതുപ്പള്ളി സ്വദേശിയായ ശ്രീജയെ ആണ്. തന്നാൽ ആവും വിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയെന്ന് തൈമൂർ അറിയിച്ചു.  കേരളത്തിൽ സ്വന്തമായി വീടുണ്ട് തൈമൂറിനും ഭാര്യ ശ്രീജയ്ക്കും. അടുത്ത ആഴ്ച കേരളത്തിലേക്ക് പോകാനിരിക്കുകയാണ്. കഴിയുമെങ്കിൽ വയനാട്ടിൽ നേരിട്ടുപോയി ചെയ്യാൻ കഴിയുന്ന സഹായം ചെയ്യണമെന്നാണ് ആഗ്രഹമെന്നും തൈമൂർ മനോരമ ന്യൂസിനോട് പറഞ്ഞു.

നൂറയും മറിയവും തൈമൂറുമെല്ലാം യുഎഇയിലെ അനേകം വരുന്ന സുമനസുകളുടെ പ്രതീകം മാത്രമാണ്. പേരും വിവരങ്ങളും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അനേകം അന്യരാജ്യക്കാർ വേറെയുമുണ്ട് വയനാടിന്റെ സങ്കടത്തിനൊപ്പം ചേർന്ന് കഴിയുന്നപോലെ ധനസഹായം നൽകിയവർ.  പലരും പരിചയമുള്ള മലയാളികൾ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറുകയായിരുന്നു. ജാതിമതദേശങ്ങളിൽ ഒതുങ്ങുന്നതല്ല സഹജീവികളോടുള്ള ഇവരുടെ സ്നേഹം. ലോകത്തിന്റെ ഒരു കോണിൽ വീടും നാടും നഷ്ട്ടപ്പെട്ടവർക്ക് ആവും വിധം സഹായമെത്തിക്കുകയാണ് ഇവർ.

ENGLISH SUMMARY:

Emerathi Sisters and Taimur Tariq have joined Wayanad