ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്ന വാര്‍ത്തകള്‍ നിരവധി കാണാറുണ്ട്. എന്നാല്‍ ഇവിടെ ഹൈടെക് രീതിയിലാണ് ഭണ്ഡാരപ്പണം അടിച്ചുമാറ്റിയത്. ലോകം ഡിജിറ്റലാകുമ്പോള്‍ ഇങ്ങനെയും ചില പ്രശ്നനങ്ങള്‍ സംഭവിക്കുമെന്ന് ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. ക്ഷേത്ര ഭണ്ഡാരത്തിന്റെ ക്യൂആര്‍കോഡ് മാറ്റി സ്വന്തം ക്യൂആര്‍കോഡ് വച്ച് നിയമവിദ്യാര്‍ത്ഥി തട്ടിയത് മൂന്നര ലക്ഷത്തിലേറെ രൂപ. ചൈനയിലെ ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളിലാണ് ഈ ഭണ്ഡാരവിദ്വാന്‍ ഹൈടെക്മോഷണം നടത്തിയത്. വിശ്വാസികള്‍ ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥനക്കുശേഷം സംഭാവന നല്‍കും, പണം നേരെ ഈ മോഷ്ടാവിന്റെ അക്കൗണ്ടിലേക്കെത്തും.
നിയമവിദ്യാര്‍ത്ഥിയാണ് ഈ മോഷണത്തിനു പിന്നില്‍. പേരും വിവരങ്ങളും ഇനിയും പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ഏതാണ്ട് മൂന്നര ലക്ഷത്തിലേറെ രൂപ ഈ രീതിയില്‍ മോഷ്ടിച്ച് സ്വന്തം അക്കൗണ്ടിലാക്കിയെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറ് ഷാന്‍സി പ്രവിശ്യയില്‍ നിന്നും സിച്ചുവാങ്, ചോങ്കിങ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഇയാള്‍ പണം കവര്‍ന്നത്. ഫാമന്‍ ക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
വീഡിയോ ദൃശ്യങ്ങളിൽ ബുദ്ധ പ്രതിമയ്ക്ക് മുൻപിലായി സ്ഥാപിച്ചിട്ടുള്ള സംഭാവന പെട്ടിക്ക് അരികിൽ ഇയാള്‍ നില്‍ക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും കാണാം. പിന്നീട് ഭണ്ഡാരത്തിന്റെ ക്യൂആര്‍കോഡിനു മുകളില്‍ സ്വകാര്യക്യൂആര്‍കോഡ് ഒട്ടിക്കുന്നു. ബുദ്ധപ്രതിമയെ കൈകൂപ്പി വണങ്ങിയ ശേഷം സ്ഥലത്തുനിന്നും പോകുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പിടിയിലായ മോഷ്ടാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഹൈടെക് തട്ടിപ്പുവിവരം പുറത്തുവരുന്നത്.
പെട്ടിക്കട മുതല്‍ ഷോപ്പിങ് മാളുകള്‍ വരെ ക്യൂആര്‍കോഡ് കൊണ്ട് നിറയുന്ന ഡിജിറ്റല്‍ഇന്ത്യ കാലത്താണ് ചൈനയില്‍ നിന്നും ഈ ഭണ്ഡാരമോഷണ വാര്‍ത്ത.