TOPICS COVERED

54-ാമത് വാച്ച് ആൻഡ് ജ്വല്ലറി മേളയ്ക്ക് ഷാർജയിൽ തുടക്കം. സ്വർണത്തിലും വജ്രത്തിലും വെള്ളിയിലുമൊക്കെ തീര്‍ത്ത ആഭരണങ്ങളുടെ വൈവിധ്യമാർന്ന ശേഖരം ഇക്കുറിയുമുണ്ട്. ആഢംബര വാച്ചുകളുടെ വലിയ കലക്ഷനാണ് ഇത്തവണത്തെ പ്രത്യേകത. പരമ്പരാഗത അറേബ്യൻ ആഭരണങ്ങളുടെ പ്രത്യേക ശേഖരങ്ങള്‍ മിക്ക സ്റ്റാളുകളിൽ കാണാം നൂൽ കനത്തിലുള്ള മാലകളും ഒരു കിലോയിലേറെ ഭാരമുള്ള ആഭരണങ്ങളും ഇവിടെയുണ്ട്. ഏഴ് മുതൽ ഒൻപത് കിലോ വരെ ഭാരമുള്ള അലങ്കാരവസ്തുക്കളും മേളയിൽ വാങ്ങാം. 9 കിലോ ഭാരമുള്ള ഫാൽക്കണ്‍ രൂപമാണ് അതിലൊന്ന്. സ്വർണവും വജ്രവും ചേർത്തുണ്ടാക്കിയ ആഢംബര വാച്ചുകളുടെ വൻ ശേഖരം തന്നെയുണ്ട്. ഷാര്‍ജ എക്സ്പോ സെന്‍റര്‍ സംഘടിപ്പിക്കുന്ന മേള ഷാര്‍ജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിന്‍ സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. രാജ്യാന്തര ബ്രാന്‍ഡുകളടക്കം 900ലേറെ എക്സിബിറ്റര്‍മാര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 70 എണ്ണം ഇന്ത്യയില്‍ നിന്നാണ്. യു.എ.ഇയിലെയും മിഡില്‍ ഈസ്റ്റിലെയും ഏറ്റവും വലിയ ആഭരണമേളയാണ് വാച്ച് ആന്‍ഡ് ജ്വല്ലറി ഷോ. മുപ്പതിനായിരം ചതുരശ്ര അടി വിസ്തൃതിയിലുള്ള പവലിയനുകളിലാണ് പ്രദര്‍ശനം.