വീല്‍ ചെയറില്ലാത്തതിനാല്‍ വിമാനത്തിലെ ബാത്ത്​റൂമിലേക്ക് ഇഴയേണ്ടി വന്നുവെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകന്‍. ബിബിസി ലേഖകനായ ഫ്രാങ്ക് ഗാര്‍ഡ്​നറിനാണ്  എല്‍ഒടി പോളിഷ് എയര്‍ലൈന്‍സില്‍ നിന്നും ഇങ്ങിനെയൊരു  ദുരനുഭവം ഉണ്ടായത്. 

വാര്‍സോവില്‍ നിന്നും തിരികെയുള്ള ഫ്ളൈറ്റിലായിരുന്നു ഫ്രാങ്ക് ഗാര്‍ഡ്​നര്‍ യാത്ര ചെയ്​തത്. യാത്രക്കിടെ ബാത്ത്​റൂമില്‍ പോകണമെന്ന് അറിയിച്ചപ്പോള്‍ വിമാനത്തില്‍ വീല്‍ ചെയറില്ലെന്നാണ് ക്രൂ മറുപടി നല്‍കിയത്. തുടര്‍ന്നാണ് ഗാര്‍ഡ്​നര്‍ ബാത്ത്​റൂമിലേക്ക് ഇഴഞ്ഞത്. ഗാര്‍ഡ്​നര്‍ തന്നെയാണ് തന്‍റെ അനുഭവം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. 'ഇത് 2024 ആണ്, എന്നിട്ടും ഫ്ളൈറ്റില്‍ വീല്‍ ചെയറില്ലാത്തതിനാല്‍ എനിക്ക് ബാത്ത്​റൂമിലേക്ക് ഇഴഞ്ഞുപോകേണ്ടി വരുന്നു. ഇത് വിവേചനമാണ്,' ഗാര്‍ഡ്​നര്‍ കുറിച്ചു. 

വീല്‍ ചെയറില്ലാത്തതിനാല്‍ ക്രൂ തന്നെ അവരാല്‍ കഴിയുന്ന വിധം സഹായിച്ചുവെന്നും ക്ഷമ ചോദിച്ചുവെന്നും ഗാര്‍ഡ്​നര്‍ കൂട്ടിച്ചേര്‍ത്തു. ഇത് അവരുടെ കുഴപ്പമല്ല, മാറ്റം കൊണ്ടുവരേണ്ടത് എയര്‍ലൈന്‍സാണ്. എല്‍ഒടി 21ാം നൂറ്റാണ്ടിലേക്ക് വരുന്നതുവരെ ഇനി അവരുടെ ഫ്ളൈറ്റില്‍ യാത്ര ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗാര്‍ഡ്​നറിന്‍റെ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ എല്‍ഒടി എയല്‍ലൈന്‍സിനെതിരെ പ്രതിഷേധം കടുത്തു. ഗാര്‍ഡ്​നറിനുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണെന്നും ഇനിയെങ്കിലും മാറ്റം വേണമെന്നും ചിലര്‍ കുറിച്ചു. ഈ നയം മൂലം താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ എല്‍ഒടിയുടെ ഫ്ളൈറ്റില്‍ യാത്ര ചെയ്യുന്നത് നിര്‍ത്തിയെന്നും അന്ന് തന്‍റെ വീല്‍ചെയര്‍ ലഗേജ് കൊണ്ടുപോകാനുള്ള ട്രോളി ആയി ഉപയോഗിച്ചുവെന്നുമാണ് മറ്റൊരാള്‍ കുറിച്ചത്. 

ENGLISH SUMMARY:

A BBC journalist said that he had to crawl into the bathroom on the plane because he didn't have a wheelchair