ഇറാന്‍റെ ആണവകേന്ദ്രങ്ങളടക്കം ഇസ്രയേല്‍ ആക്രമിക്കുമോയെന്ന ആശങ്കയില്‍ മധ്യപൂര്‍വദേശം. ഹിസ്ബുല്ലയുമായി നേര്‍ക്കുനേര്‍ യുദ്ധം തുടങ്ങിയ ലബനനില്‍ 24 മണിക്കൂറിനിടെ 46പേര്‍ കൊല്ലപ്പട്ടു. അതേസമയം, ഇറാന്‍റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
ഇസ്രയേലിനെതിരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി ഇറാന്‍ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ഹമാസിനെയും ഹിസ്ബുല്ലയേയും ആക്രമിച്ചതിന് പിന്നാലെയാണ് രണ്ട് സംഘങ്ങള്‍ക്കും പിന്തുണ നല്‍കുന്ന ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്.
ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ച യു.എസ് പ്രസിഡന്റ് ബൈഡന്‍, ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കി.
തെക്കന്‍ ലബനനില്‍ കരയുദ്ധം തുടങ്ങിയതോടെ ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു.
പിന്നാലെ ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേലിന്റെ കനത്ത ആക്രമണമുണ്ടായി. വ്യോമാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു, ഏഴുപേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു.