un

TOPICS COVERED

ഇസ്രയേലിനെതിരെ കടുത്ത കുറ്റങ്ങള്‍ ചുമത്തി യുഎന്‍ അന്വേഷണറിപ്പോര്‍ട്ട്. ഗാസയിലെ ആരോഗ്യസംവിധാനത്തെ കരുതിക്കൂട്ടി തകര്‍ത്തെന്നും ആരോഗ്യപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മിഷണറും തമിഴ് വംശജയുമായ നവി പിള്ളൈയുടെ റിപ്പോര്‍ട്ട് പൊതുസഭയില്‍ സമര്‍പ്പിക്കും. അതേസമയം, ലബനന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍പരുക്കേറ്റവരില്‍ ഇന്ത്യന്‍ സൈനികരില്ലെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.  

 

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ പ്രത്യാക്രമണത്തെക്കുറിച്ചുള്ള യുഎന്‍ അന്വേഷണ റിപ്പോര്‍ട്ടിലെ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. ഇസ്രയേല്‍ ഗാസയിലെ ആരോഗ്യപ്രവര്‍ത്തകരെ നേരിട്ട് ആക്രമിച്ചെന്നും ആരോഗ്യസംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതിന് ആസൂത്രിത ആക്രമണം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആരോഗ്യപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാണെങ്കിലും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിനെ ആരും തടഞ്ഞില്ല. 24പേജടങ്ങിയ റിപ്പോര്‍ട്ട് ഈ മാസം 30ന് യുഎന്‍ പൊതുസഭയില്‍ വയ്ക്കും. റിപ്പോര്‍ട്ടിലെ വാദങ്ങളെ തള്ളിയ ഇസ്രയേല്‍, ഹമാസ് ആയുധങ്ങങ്ങള്‍ ശേഖരിച്ചുവച്ചിരുന്നത് ആശുപത്രികളടക്കം ആരോഗ്യകേന്ദ്രങ്ങളുടെ താഴെയുള്ള തുരങ്കങ്ങളിലായിരുന്നുവെന്നും രോഗികളടക്കമുള്ളവരോട് ഒഴി​ഞ്ഞുമാറാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു ആക്രമണമെന്നും വ്യക്തമാക്കി. ആയിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായുള്ള പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടും ഗുരുതരാവസ്ഥയിലുള്ളവരടക്കം പതിനായിരത്തോളം പേര്‍ മെച്ചപ്പെട്ട ചികില്‍സ ലഭിക്കാതെ ദുരിതത്തിലായെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടും യുഎന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കരുതെന്ന് ലോകരാജ്യങ്ങളോടായി സ്പെയിന്‍ അഭ്യര്‍ഥിച്ചു. തെക്കന്‍ ലെബനനിലെ നഖൗരയില്‍ യുഎന്‍ സമാധാനസേനയ്ക്ക് നേരെ ഇസ്രയേല്‍ നടത്തിയ അക്രമത്തെ ‌‌യുഎന്നും വിവിധ രാജ്യങ്ങളും അപലപിച്ചു. ആക്രമണത്തില്‍ രണ്ട് ഇന്തൊനീഷ്യന്‍ സൈനികര്‍ക്കാണ് പരുക്കേറ്റത്.