കാനഡയില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ നിരീക്ഷണത്തിലാണെന്നും, വിയന്ന ഉടമ്പടി ലംഘിക്കാന്‍ നതന്ത്രജ്ഞരെ അനുവദിക്കില്ലെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ക്ക് ഖലിസ്ഥാന്‍ വിഘടനവാദി നേതാവിന്‍റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ വാക്കുകള്‍.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 6 കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കുകയും, കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ പിന്‍വലിക്കുകയും ചെയ്തത്. ഹര്‍ദീപ് സിങ് നിജ്ജര്‍ കൊലപാതക അന്വേഷണത്തില്‍ നയതന്ത്രസംഘം ഇടപെടുന്നതായി ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് കാനഡയും 6 ഇന്ത്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയായിരുന്നു.
ഇന്ത്യയെ റഷ്യയോട് ഉപമിച്ച കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ കനേഡിയന്‍ മണ്ണില്‍ കൊലപാതകമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപണം ഉന്നയിച്ചു.
"നമ്മുടെ ചരിത്രത്തിൽ ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. കനേഡിയൻ മണ്ണിൽ അന്തർദേശീയ അടിച്ചമർത്തലുകള്‍ അനുവദിക്കില്ല. യൂറോപ്പിലില്‍ നമ്മളത് കണ്ടു. റഷ്യ ജർമ്മനിയിലും യുകെയിലും അത് ചെയ്തിട്ടുണ്ട്.'' മെലാനി മോൺട്രിയലിൽ പറഞ്ഞു.
കനേഡയില്‍ അവശേഷിക്കുന്ന ഇന്ത്യല്‍ നയതന്ത്രജ്ഞരെ പുറത്താക്കുമോ എന്ന ചോദ്യത്തിന് "അവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹൈക്കമ്മീഷണർ ഉൾപ്പെടെ 6 പേരെ നേരത്തെ പുറത്താക്കി. മറ്റുള്ളവർ ടൊറൻ്റോ, വാൻകൂവർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്, വിയന്ന കൺവെൻഷന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഒരു നയതന്ത്രജ്ഞരെയും അനുവദിക്കില്ല" എന്നും അവര്‍ പറഞ്ഞു,
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും റോയൽ കനേഡിയൻ മൗഡ് പൊലീസും, കാനഡയിലെ സിഖ് വിഘടനവാദികളുടെ വിവരങ്ങൾ നയതന്ത്രജ്ഞര്‍ ഇന്ത്യന്‍ സർക്കാരുമായി പങ്കുവെക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഹർദീപ് സിംങ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻ്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയുടെ ആരോപണത്തെത്തുടർന്നാണ് ഇന്ത്യ കാനഡ ബന്ധം വഷളായത്.