യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തുടക്കം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസുമാണ് ഏറ്റുമുട്ടുന്നത്. പരമ്പരാഗതമായി ആദ്യ വോട്ട് രേഖപ്പെടുത്തിയ ന്യൂഹാംഷര്‍ നോര്‍ത്തിലെ ഡിക്സ്‌വില്‍നോച്ച് ബൂത്തില്‍ കമലയും ട്രംപും ഒപ്പത്തിനൊപ്പമാണ്.
ആകെയുള്ള ആറ് വോട്ടുകളില്‍ മൂന്നെണ്ണം വീതം ഇരുവരും നേടി. വോട്ടെടുപ്പ് ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചരവരെ തുടരും. രാവിലെ പത്തുമണിയോടെ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും. കടുത്ത പോരാട്ടമായതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫലപ്രഖ്യാപനം വൈകാന്‍ സാധ്യതയുണ്ട്.
ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പ്രചാരണ പോരാട്ടത്തിനാണ് അമേരിക്ക സാക്ഷിയായത്. കുടിയേറ്റ നയം, ഗര്‍ഭഛിദ്രം, വിലക്കയറ്റമടക്കമുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവുമധികം ചര്‍ച്ചയായത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വ്യക്തിപരമായ അധിക്ഷേപങ്ങളടക്കം തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ടു.
അതേസമയം അന്തിമഫലപ്രഖ്യാപനം വൈകാന്‍ സാധ്യത. സാധാരണഗതിയില്‍ പോളിങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഫലം പ്രഖ്യാപിക്കാനാകുമെങ്കിലും ഭൂരിപക്ഷം നേര്‍ത്തതായാല്‍ റീക്കൗണ്ടിങ് വേണ്ടിവന്നേക്കാം. അങ്ങനെയെങ്കില്‍ ഫലപ്രഖ്യാപനം സങ്കീര്‍ണമാകും.