trump

ഡോണള്‍ഡ് ട്രംപ് യു.എസ്. പ്രസിഡന്‍റാകുമ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയും ആശങ്കയും ഒരുപോലെയാണ്. ട്രംപിന്‍റെ ചൈന വിരുദ്ധ നിലപാടും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള വ്യക്തിബന്ധവും ഇന്ത്യയ്ക്ക് ഗുണകരമാകും. എന്നാല്‍ വ്യാപര, കുടിയേറ്റ വിഷയങ്ങളില്‍ ട്രംപിന്‍റെ കടുംപിടുത്തം തിരിച്ചടിയാവാനാണ് സാധ്യത. ഫലംപുറത്തുവന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും  ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ട്രംപിനെ അഭിനന്ദിച്ചു. 

 

ഡോണള്‍ഡ് ട്രംപുമായുള്ള വ്യക്തിബന്ധം അടിവരയിടുന്നതായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം. സുഹൃത്തേ എന്ന് അഭിസേബോധന ചെയ്ത മോദി ആഗോള സമാധാനത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നും പറഞ്ഞു. വ്യക്തിപരമായ സൗഹൃദം നയതന്ത്ര ബന്ധത്തില്‍ ഗുണംചെയ്യുമെങ്കിലും ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിലും കുടിയേറ്റത്തിലും ട്രംപ് നിലപാടു കടുപ്പിക്കാനാണ് സാധ്യത. വിദേശത്തുനിന്നുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയാല്‍ ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ്, ട്കെസ്റ്റൈല്‍സ് മേഖലകളെ പ്രതികൂലമായി ബാധിക്കും. യു.എസില്‍ നിന്നുള്ള ഇറക്കുമതിക്ക് മറ്റുരാജ്യങ്ങളേക്കാള്‍ ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ഏര്‍പ്പെടുത്തുന്നതെന്ന വിമര്‍ശനവും ഏറെക്കാലമായി ട്രംപ് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍  ഭീഷണിപ്പെടുത്തി കാര്യംനേടാനുള്ള ട്രംപിന്‍റെ തന്ത്രമാണ് ഇതെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു. 

കുടിയേറ്റത്തിന്‍റെ കാര്യത്തില്‍ പണ്ടേ കര്‍ക്കശക്കാരനാണ് ട്രംപ്. എച്ച് 1 ബി വിസ അനുവദിക്കുന്നതിലടക്കം മുന്‍ ട്രംപ് ഭരണകൂടം കടുത്ത നിയന്ത്രണം കൊണ്ടുവന്നിരുന്നു. അതേ നിലപാട് തുടര്‍ന്നാല്‍ ഐ.ടി. മേഖലയില്‍ അടക്കം ജോലിചെയ്യുന്ന ഇന്ത്യക്കാരെ വലിയ രീതിയില്‍ ബാധിക്കും. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടികളും കടുപ്പിക്കും. ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ ഇന്ത്യയും യു.എസും പ്രതിരോധ രംഗത്ത് മികച്ച സഹകരണമായിരുന്നു. ട്രംപും ഇക്കാര്യത്തില്‍ മാറ്റം വരുത്താനിടയില്ല. ചൈനയെ പ്രതിരോധിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ട്രംപിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും പ്രതീക്ഷിക്കാം. 

ENGLISH SUMMARY:

Donald Trump US India has both hopes and worries when it comes to the presidency.