TOPICS COVERED

നിയമവിരുദ്ധമായി തോക്ക് വാങ്ങിയതിനും നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലും മകന് മാപ്പുനല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കേസില്‍ ഇടപെടില്ലെന്ന പ്രഖ്യാപനം വിഴുങ്ങിയാണ് ജോ ബൈഡന്റെ നടപടി.   കേസില്‍ ഹണ്ടര്‍ ബൈഡനെതിരായ നടപടി പക്ഷപാതപരമായെന്ന് ആരോപിച്ചാണ് പ്രസിഡന്റിന്റെ സവിശേഷ അധികാരം ഉപയോഗിച്ചുള്ള ഇടപെടല്‍.

25 വര്‍ഷം വരെ തടവുലഭിക്കാവുന്ന കേസിലാണ് ജോ ബൈഡന്‍ മകന് മാപ്പുനല്‍കി രക്ഷപെടുത്തിയത്. തന്റെ മകനായതിനാല്‍ മാത്രം ഹണ്ടര്‍  വേട്ടയാടപ്പെട്ടെന്ന് രേഖകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാകുമെന്നാണ് ജോ ബൈഡന്‍റെ വിശദീകരണം. കേസ് രാഷ്ട്രീയപ്രേരിതമായി കൈകാര്യം ചെയ്യപ്പെട്ടെന്നും ശരിയായ രീതിയില്‍ നീതിനിര്‍വഹണം ഉണ്ടായില്ലെന്നും ബൈഡന്‍ ആരോപിച്ചു.  ഒരുപിതാവിന്റെയും   പ്രസിഡന്റിന്റെയും സ്ഥാനത്തുള്ള തന്റെ നടപടി അമേരിക്കന്‍ ജനതയ്ക്ക് മനസിലാകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു.    

കേസില്‍ ഈമാസം 16ന്  ഡെലവെയറിലെ വിൽമിങ്ടൻ കോടതി ശിക്ഷ പ്രഖ്യാപിക്കാനിരിക്കെയാണ് ഹണ്ടറിനെ കേസില്‍ നിന്ന് മുക്തനാക്കിയത്. ഹണ്ടര്‍ 14 ലക്ഷം ഡോളർ നികുതി വെട്ടിപ്പ് നടത്തിയതായി കലിഫോർണിയയിലെ സ്പെഷൽ കൗൺസലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതില്‍ 9 കേസുകളിലാണ് ഹണ്ടര്‍ കുറ്റാരോപണം നേരിടുന്നത്. 

2016–19 ൽ അടയ്ക്കേണ്ടിയിരുന്ന ഈ തുക പിന്നീട് അടച്ചെങ്കിലും 17 വർഷം ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു. കഴിഞ്ഞ കാലത്തുണ്ടായ തെറ്റുകളുടെയും കുടുംബത്തിനുണ്ടായ വിഷമങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഹണ്ടര്‍ ബൈഡന്‍  പ്രതികരിച്ചു. രോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ആശ്വാസമേകാന്‍ തന്റെ ഇനിയുള്ള ജീവിതം അര്‍പ്പിക്കുമെന്നും ഹണ്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു

ENGLISH SUMMARY:

US President Joe Biden has pardoned his son for illegally buying guns and tax evasion