തെക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 10 പേര്‍ കൊല്ലപ്പെട്ടു. പലായനം ചെയ്യുന്നവരെ പാര്‍പ്പിക്കുന്ന മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള അല്‍–മവാസിയിലാണ് വ്യോമാക്രമണം ഉണ്ടായത്. 15 പേര്‍ക്ക് സാരമായി പരുക്കേറ്റെന്ന് ഇവിടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗാസയിലെ പൊലീസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ മഹ്മൂദ് സലാ, സഹായി ഹുസ്സം ഷാവാന്‍ എന്നിവര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള അല്‍–അഖ്സ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്‍റെയും മറ്റ് സായുധസംഘങ്ങളിലെയും അംഗങ്ങള്‍ ഒന്നിച്ചുചേരുന്നത് തടയാനെന്ന പേരിലാണ് ഇസ്രയേല്‍ സൈന്യം അഭയാര്‍ഥി ക്യാംപുകളിലടക്കം ദയയില്ലാതെ ആക്രമണം തുടരുന്നത്.
പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 45,500 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഉണ്ടായിരുന്ന 23 ലക്ഷം ജനങ്ങളില്‍ ബഹുഭൂരിപക്ഷവും പലായനം ചെയ്തു. കെട്ടിടങ്ങളെല്ലാം ബോംബിട്ടും ഷെല്ലിങ് വഴിയും തകര്‍ത്തു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. സംഘര്‍ഷം പരിഹരിക്കാനുള്ള ഒരു ശ്രമവും ഇതുവരെ വിജയം കണ്ടില്ല.