assad-asma

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍–സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ബന്ധത്തിന്റെ ആഴം  സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കത്തോടെ തന്നെ വ്യക്തമാണ്. 2011-ൽ സിറിയയിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിനിടെ അസദിന്റെ ഭരണകൂടം കനത്ത വെല്ലുവിളികൾ നേരിടുമ്പോൾ, റഷ്യ സിറിയയ്ക്ക് ശക്തമായ പിന്തുണ നൽകി. പുടിന്റെ നേതൃത്വത്തിലുള്ള റഷ്യൻ സർക്കാരിന്, സിറിയയിൽ തന്റെ സ്വാധീനം നിലനിർത്തുക മാത്രമല്ല, മധ്യപൂർവേഷ്യയിലെ രാഷ്ട്രീയ സാന്നിധ്യം ഉറപ്പാക്കുക എന്നതും ഇതിലൂടെ സാധ്യമായി. 2015-ൽ സിറിയയില്‍ റഷ്യൻ സൈനിക ഇടപെടലിന് തുടക്കമിട്ടതോടെ  റഷ്യയ്ക്ക് ആഗോള ശക്തിയായുള്ള സ്ഥാനം ആവർത്തിച്ച് തെളിയിക്കാനും സാധിച്ചു.

സൈനിക സഹകരണം മാത്രമല്ല രാഷ്ട്രീയ, സാമ്പത്തിക രംഗത്തും റഷ്യ സിറിയക്കൊപ്പം നിന്നു. യുദ്ധരംഗത്ത്  അസദിന് കരുത്തേകിയത് റഷ്യന്‍ ആയുധങ്ങളായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധവും അത്രമേല്‍ ശക്തമായിരുന്നു. എങ്കിലും രാജ്യത്തെ വിമതനീക്കത്തിനു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാകാതെ ഒടുവില്‍ അസദ് രാജ്യം വിട്ടു. ദമാസ്കസ് ഉള്‍പ്പെടെ പ്രധാന നഗരങ്ങളെല്ലാം വിമതരുടെ നിയന്ത്രണത്തിലായതോടെ നില്‍ക്കക്കള്ളിയില്ലാതെ രാജ്യം വിടേണ്ടിവന്നു പ്രസിഡന്റിന്. അപ്പോഴും കുടുംബത്തോടെ അഭയം പ്രാപിച്ചത് ഉറ്റ സുഹൃത്തായ റഷ്യന്‍ മണ്ണിലാണ്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യത്യസ്തമാണ്.  രാജ്യത്തിനു പുറമേ അസദിന് തന്റെ കുടുംബവും നഷ്ടമാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് റഷ്യയില്‍ നിന്നും പുറത്തുവരുന്നത്. റഷ്യയിലെ ജീവിതം അരോചകമായി മാറിയതിനെത്തുടര്‍ന്ന് ഭാര്യ അസദിനെ വിട്ടുപോകാനൊരുങ്ങുന്നു എന്നാണ് വാര്‍ത്തകള്‍.  മോസ്കോയിലെ കടുത്ത നിയന്ത്രണത്തിലുള്ള ജീവിതം അസഹ്യമായതിനെത്തുടര്‍ന്ന് വിവാഹമോചനം നേടി യുകെയിലേക്ക് പോകാനൊരുങ്ങുകയാണ് അസദിന്റെ ഭാര്യ അസ്‌മ അല്‍ അസദ്. യുകെയില്‍ ജനിച്ചുവളര്‍ന്ന അസ്‌മ 2000ത്തിലാണ് അസദിനെ വിവാഹം ചെയ്തത്. 

അസ്മയുടെ മാതാപിതാക്കള്‍ സിറിയന്‍ വംശജരാണ്. അസദില്‍ നിന്നും വിവാഹമോചനം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അസ്‌മ റഷ്യന്‍ കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. 24 വര്‍ഷം സിറിയയുടെ പ്രസിഡന്റായിരുന്ന ബഷര്‍ അല്‍ അസദിനും കുടുംബത്തിനുംമേല്‍ കടുത്ത നിയന്ത്രണങ്ങളാണ് റഷ്യ ചുമത്തിയിരിക്കുന്നതെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. മോസ്കോയില്‍ നിന്നും പുറത്തുകടക്കാനോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം നടത്താനോ അസദിനെ റഷ്യ അനുവദിക്കുന്നില്ല.

അസദിന്റെ പണവും അക്കൗണ്ടും മറ്റ് സമ്പാദ്യങ്ങളുമെല്ലാം റഷ്യ മരവിപ്പിച്ചെന്നാണ് സൂചന. 270കിലോ സ്വര്‍ണം, മോസ്കോയിലെ 18 അപാര്‍ട്ട്മെന്റുകള്‍, 2 ബില്ല്യണ്‍ യുഎസ് ഡോളര്‍ എന്നിവയെല്ലാം റഷ്യ മരവിപ്പിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അസദിന്റെ സഹോദരന്‍ മാഹേര്‍ അല്‍ അസദിനും കുടുംബത്തിനും അഭയം നല്‍കാന്‍ റഷ്യ വിസമ്മതിക്കുകയും ചെയ്തതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Bashar al-Assad's wife files for divorce, unhappy with life in Moscow, family in crisis:

Bashar al-Assad's wife files for divorce, unhappy with life in Moscow, family in crisis, report says. Russian authorities frozen his money and assets.