രണ്ട് വിമാനാപകടങ്ങളാണ് ഇക്കഴിഞ്ഞയാഴ്ച ലോകത്തെ ഞെട്ടിച്ചത്. കസാക്കിസ്ഥാനിലെതും മറ്റൊന്ന് ദക്ഷിണ കൊറിയയിലും. 38 ഉം 179 ഉം യാത്രക്കാരാണ് ഈ വിമാനാപകടങ്ങളിലായി കൊല്ലപ്പെട്ടത്. ഇതോടെ വ്യോമയാന സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർന്നിരിക്കുകയാണ്.
ഡിസംബർ 25 ന് റഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് അസർബൈജാൻ എയർലൈൻസ് വിമാനം കസാക്കിസ്ഥാനിലെ അക്താവുവിന് സമീപം കാസ്പിയൻ കടലിന് കുറുകെ തകർന്നുവീണത്. ദിവസങ്ങൾക്ക് ശേഷം, ഞായറാഴ്ച, ജെജു എയർ ബോയിംഗ് നാരോ ബോഡി വിമാനം ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിനിടെ തകർന്നു.
ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു ഇത്. വിമാനത്തിലുണ്ടായിരുന്ന 179 പേർ മരിച്ചു. രണ്ടുപേരാണ് ഈ അപകടത്തിൽ നിന്ന് രക്ഷപെട്ടത്. അസർബൈജാൻ എയർലൈൻസ് അപകടത്തിൽ നിന്ന് 29 പേരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ആഘാതവും അപകടത്തിന്റെ സാഹചര്യങ്ങളും വ്യത്യസ്തമാണെങ്കിലും രണ്ട് വിമാനാപകടത്തിൽ നിന്നും രക്ഷപെട്ടവരുടെ എണ്ണം ശ്രദ്ധിക്കേണ്ടതാണ്. അസർബൈജാൻ എയർലൈൻസ് എയർക്രാഫ്റ്റിന്റെ പിൻഭാഗത്ത് ഇരുന്നവരാണ് രക്ഷപെട്ടവരിൽ ഏറെയും. ദക്ഷിണ കൊറിയൻ അപകടത്തിൽ രക്ഷപ്പെട്ട രണ്ട് ജീവനക്കാരെയും വിമാനത്തിൻ്റെ പിൻഭാഗത്തുനിന്നാണ് കണ്ടെത്തിയത്.
രണ്ട് അപകടങ്ങളിൽ നിന്നും അതിജീവിച്ചവരുടെ സ്ഥാനം പ്രധാന ചോദ്യമാണ് വ്യോമയാന രംഗത്ത് ഉയർത്തുന്നത്. വിമാനത്തിൻ്റെ പിൻഭാഗത്തെ സീറ്റുകളാണോ സുരക്ഷിതം. അതോ ഇത് യാദൃശ്ചികമാണോ? വിമാനത്തിൻ്റെ ഏത് ഭാഗമാണ്, മുന്നിലോ മധ്യത്തിലോ പിൻഭാഗത്തോ ഏറ്റവും സുരക്ഷ ഉറപ്പാക്കുന്നത്.
വിമാനത്തിലെ സീറ്റ് ക്രമീകരണത്തെയും സുരക്ഷയെയും കുറിച്ചുള്ള ഗവേഷണങ്ങളും പഠനങ്ങളും ചില പൊതുവായ സാധ്യതകൾ തുറക്കുന്നവയാണ്. മുൻപ് നടന്നിട്ടുള്ള അപകടങ്ങളെക്കുറിച്ചുള്ള പഠനങ്ങളും വിശകലനങ്ങളും സൂചിപ്പിക്കുന്നത് വിമാനത്തിൻ്റെ പിൻഭാഗത്തെ സീറ്റുകൾ മുൻവശത്തെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമെന്നാണ്.
അമേരിക്കയിലെ 'ഏവിയേഷൻ ഡിസാസ്റ്റർ ലോ'യുടെ റിപ്പോർട്ട് അനുസരിച്ച്, 'പോപ്പുലർ മെക്കാനിക്സ്' എന്ന മാഗസിൻ 1971 നും 2005 നും ഇടയിൽ നടന്ന വിമാനാപകടങ്ങളെക്കുറിച്ച് ഒരു പഠനം നടത്തി. വിമാനത്തിൻ്റെ ഏറ്റവും പുറകിലുള്ള സീറ്റുകളാണ് ഏറ്റവും സുരക്ഷിതമെന്ന് പഠനത്തിൽ പറയുന്നു. വിമാനത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ ഇരിക്കുന്നവരെ അപേക്ഷിച്ച് പിന്നിൽ ഇരിക്കുന്ന യാത്രക്കാർക്ക് രക്ഷപെടാനുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്നാണ് റിപ്പോർട്ടെന്ന് ഇന്ത്യടുഡേ ഡോട്ട് കോം റിപ്പോര്ർട്ട് ചെയ്യുന്നു
ക്രാഷ് ലാൻഡിംഗ്, കൂട്ടിയിടി, അല്ലെങ്കിൽ റൺവേ മറികടന്ന് മുന്നോട്ടുപോകൽ തുടങ്ങിയ സംഭവങ്ങളിൽ ആദ്യം ആഘാതം നേരിടുന്നതിനാൽ മുൻ സീറ്റുകൾ കൂടുതൽ അപകടകരമാണ്.
യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിൻ്റെ റിപ്പോർട്ട് ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രപ്രവർത്തകൻ മാക്സ് ഫോസ്റ്ററർ നടത്തിയ പഠന പ്രകാരം വിമാനത്തിന്റെ മുന്നിൽ ഇരിക്കുന്നവർക്ക് 49 ശതമാനം രക്ഷാ സാധ്യതയാണ് ഉള്ളത്. ചിറകുകളുടെ മധ്യത്തിൽ ഇരിക്കുന്നത് നിങ്ങൾക്ക് 59 ശതമാനവും വിമാനത്തിൻ്റെ പിൻഭാഗത്ത് ഇരിക്കുന്നവർക്ക് 69 ശതമാനവുമാണ് രക്ഷാ സാധ്യത. എന്നാൽ ഈ സാധ്യതകൾക്ക് അപവാദമാകുന്ന അപകടങ്ങളുമുണ്ട്. 1989-ലെ യുണൈറ്റഡ് എയർലൈൻസ് ക്രാഷിൽ വിമാനത്തിലുണ്ടായിരുന്ന 269 പേരിൽ 184 പേർ രക്ഷപ്പെട്ടു, രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും ഫസ്റ്റ് ക്ലാസിന് പിന്നിൽ ഇരുന്നവരായിരുന്നു.
ടൈം മാഗസിൻ നടത്തിയ പഠന പ്രകാരം വിമാനത്തിൻ്റെ പിൻഭാഗത്തിൻ്റെ മധ്യഭാഗത്തെ സീറ്റുകളാണ് ഏറ്റവും സുരക്ഷിതം. ഇവിടെ മരണനിരക്ക് 28 ശതമാനംആണ്. സുരക്ഷിതമായ രണ്ടാമത്തെ ഓപ്ഷൻ വിമാനത്തിൻ്റെ മധ്യഭാഗത്തുള്ള സീറ്റുകളാണ്. മരണനിരക്ക് ഇവിടെ 44 ശതമാനമാണ്. 35 വർഷത്തെ വിമാനാപകടങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
അതേസമയം, മിക്ക ആധുനിക പാസഞ്ചർ വിമാനങ്ങളും ചിറകുകൾ ഇന്ധന ടാങ്കുകളായി ഉപയോഗിക്കുന്നതിനാൽ ചിറകുകൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത കാരണം മധ്യഭാഗത്തെ സീറ്റുകൾ സുരക്ഷിതമല്ല. എങ്കിലും എമർജൻസി എക്സിറ്റുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന മധ്യ നിരകൾ എന്നും സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.
വിമാനത്തിൻ്റെ പിൻഭാഗത്ത് ഇരിക്കുന്ന യാത്രക്കാർക്ക്, പിൻവശത്ത് എമർജൻസി എക്സിറ്റുകളുള്ളതിനാൽ അതിനെയും സുരക്ഷിതമായ സീറ്റുകളായി കണക്കാക്കുന്നു. പക്ഷേ, അപകടസമയങ്ങളിൽ പലപ്പോഴും വിമാനത്തിന്റെ വാൽഭാഗം ആദ്യം നിലത്ത് പതിക്കുന്നത് പിൻഭാഗത്തെയും അപകടമുള്ളതാക്കുന്നു.
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) നൽകുന്ന വിവരങ്ങൾ പ്രകാരം വിമാനത്തിന്റെ ഒരു ഭാഗവും മറ്റ് ഭാഗങ്ങളേക്കാൾ സുരക്ഷിതമല്ല. അതായത്, വിമാനത്തിന്റെ ഒരു ഭാഗവും അതീവസുരക്ഷിതം എന്ന് പറയാനാകില്ല. അപകടത്തിന്റെ സാഹചര്യങ്ങൾ, ആഘാതം എന്നിവയാണ് പ്രധാന ഘടകങ്ങൾ.