കൂട്ടുകാര്‍ തിളച്ചവെള്ളം മുഖത്തൊഴിച്ച പന്ത്രണ്ടുവയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു. ഉറങ്ങിക്കിടന്ന കുട്ടിയുടെ മുഖത്തേക്കാണ് കൂട്ടുകാര്‍ തിളച്ചവെള്ളം കോരിയൊഴിച്ചത്. കുട്ടി സമീപവാസിയുടെ വീട്ടില്‍ കളിക്കാന്‍ പോയപ്പോഴായിരുന്നു സംഭവമെന്ന് അമ്മ പ്രതികരിച്ചു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്കു ശേഷം നിലവില്‍ വിശ്രമത്തിലാണ്.
ജോര്‍ജിയയിലാണ് സംഭവം. അയല്‍വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം വിഡിയോ ഗെയിം കളിക്കാന്‍ പോയതാണ് കുട്ടി. അവിടെവച്ച് കൂട്ടുകാര്‍ അപകടമോര്‍ക്കാതെ ചെയ്ത കാര്യമാണിതെന്ന് അമ്മ ടിഫാനി വെസ്റ്റ് പിന്നീട് പറഞ്ഞു. കുട്ടികള്‍ പ്രാങ്കായി ചെയ്ത കാര്യമാണ് ഇത്ര വലിയ ആപത്തായത്. അതുകൊണ്ട് കൂട്ടുകൂടി കളിക്കുമ്പോള്‍ ഒരുപാട് ശ്രദ്ധവേണമെന്ന് എല്ലാ കുട്ടികളോടും വെസ്റ്റ് ഓര്‍മിപ്പിക്കുകയാണ്.
‘കുട്ടിക്ക് പൊള്ളലേറ്റ സമയത്ത് ഞാനാകെ പേടിച്ചുപോയി. എനിക്കത് ഓര്‍ത്തെടുക്കാന്‍ പോലുമാകുന്നില്ല. ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു. മകന്‍റെ ശരീരം മുഴുവന്‍ ചുവന്നുതുടുത്തിരിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയി. പെട്ടെന്നു തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ മൂന്ന് ആണ്‍കുട്ടികളെ പൊലീസ് പിടികൂടി. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം അവരെ വിട്ടയച്ചു.
ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ചതിനു ശേഷം കുട്ടിയോട് സംഭവത്തെക്കുറിച്ച് ചോദിച്ചു. യാതൊരു വികാരവുമില്ലാതെയാണ് അവന്‍ അതിനോട് പ്രതികരിച്ചതെന്ന് കുട്ടിയുടെ ബന്ധുവായ ഓസ്റ്റില്‍ പറയുന്നു. ‘സ്വന്തം കൂട്ടുകാരാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് അറിയുമ്പോള്‍ ആരായാലും നടുങ്ങിപ്പോകും. അത്രയും നമ്മള്‍ വിശ്വസിച്ചവരല്ലേ. നമ്മള്‍ ഒരുപാട് വിശ്വസിക്കുന്നവര്‍ നമ്മളോട് മോശമായി എന്തെങ്കിലും ചെയ്താല്‍ സ്വഭാവികമായും അത് വിശ്വാസവഞ്ചനയല്ലേ. അവനൊരിക്കലും കൂട്ടുകാരില്‍ നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല’ എന്നും ഓസ്റ്റില്‍ പറഞ്ഞു.
‘അവനും കുടുംബവും ഈ അപകടത്തിനു ശേഷം സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണ്. അവന്‍റ അമ്മയ്ക്ക് ജോലിക്ക് പോകാനാകില്ല. കുട്ടിയുടെ അടുത്ത് എപ്പോഴും ഒരാള്‍ വേണം. ശാരീരികമായി മാത്രമല്ല, മാനസികമായും അവന്‍ അത്രത്തോളം തകര്‍ന്നിരിക്കുകയാണ്. ആരെയും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് അവന്‍ എത്തിക്കഴിഞ്ഞു. അത് മാറ്റിയെടുക്കണമെങ്കില്‍ കൗണ്‍സിലിംഗ് പോലുള്ള മാര്‍ഗം സ്വീകരിക്കേണ്ടി വരും’– ഓസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.