ishaan-balu-lakshmi

സിബിഐ രണ്ടുവട്ടം തെളിയിച്ചും അപകട മരണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും സമൂഹ മാധ്യമ വിചാരണകളില്‍ ബാലഭാസ്കറിന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും മോശമാക്കുന്നുവെന്ന് സുഹൃത്തും സംഗീതജ്ഞനുമായ ഇഷാന്‍ ദേവ്. നീചമായ ഭാഷയിലാണ് ആളുകള്‍ കമന്‍റുകളിടുന്നത്. ലൈഫില്‍ നടന്ന സംഭവമാണ്. അന്വേഷണ സംഘത്തിന് മുമ്പാകെ പോയി മൊഴി കൊടുത്തതാണെന്നും  ഇഷാന്‍ മനോരമന്യൂസിനോട് പറഞ്ഞു. ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി മനോരമന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തലുകളില്‍ ബാലഭാസ്കറെ ഇഷ്ടപ്പെടുന്ന കുറച്ചുപേര്‍ക്ക് വേണ്ടിയാണ് തുറന്ന് പറയുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ലക്ഷ്മി  പറഞ്ഞ ചുരുക്കം ചില ആളുകളില്‍ ഒരാള്‍ താനാണെന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ നല്ല നിമിഷങ്ങളെ ഓര്‍ക്കാനും ഉറ്റ സുഹൃത്തിന്‍റെ കുടുംബത്തിന്‍റെ സങ്കടങ്ങളില്‍ കൂടെ നിന്ന് വേദന മായ്ച്ച് കളയാനുമുള്ള അവകാശം തനിക്കുണ്ടെന്നും അത് നിഷേധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇഷാന്‍ പറയുന്നതിങ്ങനെ: 'ചേച്ചി പറഞ്ഞ ബാലഭാസ്കറെ ഇഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് ആളുകളില്‍ ഒരാള്‍ ഞാനാണ്. ഞാനൊരു പാട്ടുപാടിയിട്ടാല്‍ നിങ്ങള് പാടിയത് കൊള്ളത്തില്ലെന്ന് ആളുകള്‍ കമന്‍റിടാറുണ്ട്. ഞാന്‍ പറയാറുണ്ട്, ശരി സന്തോഷം അടുത്ത പാട്ടില്‍ അത് പാടി ശരിയാക്കമെന്ന് ഞാന്‍ പറയാറുണ്ട്. വളരെ എളിമയോടെ സംസാരിക്കുന്ന ആളാണ്. പക്ഷേ ഇങ്ങനെയൊരു വിഷയത്തില്‍ അവര് വന്ന് സംസാരിക്കുന്ന ഭാഷ വളരെ നീചമായിട്ടുള്ള ഭാഷയിലാണ്. ലക്ഷ്മി ചേച്ചിയെ പറയുമ്പോഴും അങ്ങനെ തന്നെയാണ്. 'നീയും കേസില്‍ ഉള്‍പ്പെട്ട ആളാണ്. ഞങ്ങളാണ് കൊന്നതെന്ന രീതിയിലാണ്' ഇന്നൊരാള്‍ കമന്‍റിട്ടത്. എനിക്കിത് മനസിലാകുന്നില്ല. ഈ ആള്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്താണെന്ന് മനസിലാകുന്നില്ല. എനിക്കെന്‍റെ ലൈഫില്‍ നടന്ന ഒരു സുഹൃത്തിന്‍റെ ലൈഫിനെ കുറിച്ചേ പറയാന്‍ പറ്റൂ. അല്ലാതെ എന്ത് പറയാനാണ്. സിബിഐ രണ്ടുപ്രാവശ്യം തെളിയിച്ച ഒരു കേസ്.. ഞാനും കൂടെപ്പോയി മൊഴി കൊടുത്ത ആളാണ്. കേസ് രണ്ട് തവണ കണ്‍ക്ലൂഡ് ചെയ്തപ്പോഴും ബാലഭാസ്കറിന് ഇങ്ങനെയൊര് ബന്ധമില്ലെന്നും സാധാരണ അപകടമരണമാണെന്നുമാണ് അവര് റിപ്പോര്‍ട്ട് കൊടുത്തത്. അതിനപ്പുറം ഞാനെന്ത് അതിനകത്ത് പറയാന്‍ ആണ്?എനിക്കെന്ത് അവകാശമുണ്ട്?എനിക്കെന്‍റെ ലൈഫില്‍ നടന്ന നല്ല നിമിഷങ്ങളെ കുറിച്ചോര്‍ത്ത് പറയുമ്പോള്‍ അതങ്ങനെ അല്ലെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം? അവകാശ നിഷേധമാണിത്. നമ്മളുടെ സൗഹൃദങ്ങളെ ചേര്‍ത്ത്പിടിക്കാനുള്ള അവകാശം നിഷേധിക്കലാണിത്. എനിക്ക് ബാലഭാസ്കറെന്ന എന്‍റെ സുഹൃത്തിന്‍റെ ഭാര്യയെ അവരുടെ സങ്കടങ്ങളില്‍ അവരോടൊപ്പം നിന്ന് അവരുടെ സങ്കടം മാറ്റാനുള്ള അവകാശമെനിക്കുണ്ട്. ഞാന്‍ അത്രയും റെസ്പെക്ട് ചെയ്തിരുന്ന എന്‍റെ ചേട്ടന്‍റെ വൈഫാണ്-ഇഷാന്‍ വേദനയും നിരാശയും മറച്ചുവയ്ക്കുന്നില്ല

 'ബാലുവണ്ണനെ ഇഷ്ടപ്പെടുന്ന , സംഗീതജ്ഞനായിട്ടല്ലാതെ ഭര്‍ത്താവും കുടുംബനാഥനായും അങ്ങനെയൊക്കെ അറിയാവുന്ന കുറേ ആള്‍ക്കാരുണ്ട്. നമ്മളിപ്പോ ലൈഫില്‍ അങ്ങനെയാണല്ലോ. ഞാനിപ്പോ സംഗീതജ്ഞനാണെങ്കിലും ഞാന്‍ ഫസ്റ്റ് പ്രിഫറന്‍സ് കൊടുക്കുക എന്‍റെ വ്യക്തി ജീവിതത്തിനാണ്. വ്യക്തി ജീവിതവും ഏറ്റവും അടുത്ത സുഹൃത്തുക്കളും കഴിഞ്ഞേ പ്രൊഫഷനുള്ളൂവെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ബാലുവണ്ണന്‍ നേരെ തിരിച്ചായിരുന്നു. നമ്മള് സോഷ്യലൈസ് ചെയ്ത് ജീവിക്കുമ്പോള്‍ നമ്മളെ ഇഷ്ടപ്പെടുന്ന, നമുക്ക് വേണ്ടി സ്റ്റാന്‍ഡ് ചെയ്യുന്ന അങ്ങനെയാണല്ലോ നമ്മള്‍ മനുഷ്യരായി ജീവിക്കുമ്പോള്‍ അത്രയല്ലേയുള്ളൂ. അവിടെ നമ്മളെ വിശ്വസിക്കുന്ന കുറച്ചെങ്കിലും ആളുകള്‍ ഉള്ളപ്പോഴേ നമ്മുടെ ലൈഫ് ജീവിക്കാന്‍ കൊള്ളാവുന്ന രീതിയില്‍ പരുവപ്പെടുന്നത്. അത്തരത്തിലുള്ള ആള്‍ക്കാരുടെ അടുത്താണ് ചേച്ചി സംസാരിക്കുന്നത്. അതിന് വേണ്ടിയിട്ട് മാത്രമാണ്. 

വിവാദമായിട്ടും ഒരു ബലവുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടുന്ന ഒന്നോ രണ്ടോ വാക്കുകള്‍ വച്ചിട്ട് മോശം കമന്‍റിടുന്നവരോട് ഞാനും പറയാറുണ്ട് ഭായ് ഇത് നിങ്ങളിടുന്ന കമന്‍റാണെങ്കില്‍, നിങ്ങള് കാണുന്ന കേസുകെട്ടാണെങ്കില്‍ ഇത് എന്‍റെ ലൈഫില്‍ നടന്ന കാര്യമാണ് ഞാന്‍ പച്ചയായി നിങ്ങളോട് സംസാരിക്കുന്നത്. ഇതിങ്ങനെയാണ്, കേസൊക്കെ പൊലീസ് തെളിയിക്കട്ടെ. ഒരാളെ ഇങ്ങനെ ക്രൂശിക്കണോ? എന്‍റെ അവകാശത്തെ നിങ്ങള്‍ ഖണ്ഡിക്കണോ? ഞാനൊരു കാര്യം പറയുമ്പോള്‍ എനിക്കറിവുള്ളതേ ഞാന്‍ പറയുള്ളൂ. അല്ലാതെ ഇതിനകത്ത് സിബിഐ പറഞ്ഞത് തെറ്റെന്നോ, അച്ഛന്‍ പറയുന്നത് തെറ്റെന്നോ, അമ്മ പറയുന്നത്, ലക്ഷ്മി പറയുന്നത് നുണയെന്നോ ഒന്നും ഞാന്‍ പറഞ്ഞില്ല. ഒരു ലൈഫിനകത്ത് നമുക്ക് 20 വര്‍ഷമായി അറിയാവുന്ന ഒരാളിന്‍റെ പ്രൈമറി കാര്യങ്ങളും , കേസുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രൈമറി കാര്യങ്ങളുമാണ് ഞങ്ങള്‍ ഡിസ്കസ് ചെയ്തത്. അതിനപ്പുറത്തേക്ക് ഒരു കാര്യത്തിലേക്കും ഞങ്ങള്‍ കടന്നിട്ടില്ലെ'ന്നും ഇഷാന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Despite the CBI twice concluding and reporting that it was an accidental death, social media trials continue to defame Balabhaskar's family and friends, says his friend and musician Ishan Dev.