ഉറച്ച സൗഹൃദങ്ങളുടെയും കൂടി ഇടമാണ് ക്രിക്കറ്റ്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ദിവസം മഴ കളി മുടക്കിയതോടെ നേരത്തെ ഉച്ചഭക്ഷണത്തിന് ടീമുകള്‍ പിരിഞ്ഞു. ഇതോടെ ഡഗൗട്ടിലിരുന്ന് കോലിയും കെ.എല്‍ രാഹുലും ഭക്ഷണം പങ്കിട്ട് കഴിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. രാഹുലിന്‍റെ കൈവശമുള്ള സ്നാക് ബോക്സില്‍ നിന്നും ഭക്ഷണമെടുത്ത് കഴിക്കുന്ന കോലിയാണ് ചിത്രങ്ങളിലുള്ളത്.
'അസൂയയും കുശുംബുമില്ല, പരസ്പര ബഹുമാനം, ആരാധന, വിജയങ്ങളില്‍ പരസ്പരം കൂട്ട്, ഇന്ത്യന്‍ ക്രിക്കറ്റിലെ അധികമാരും ശ്രദ്ധിക്കാത്ത സ്നേഹക്കൂട്ടെ'ന്നായിരുന്നു ആരാധകരിലൊരാള്‍ ചിത്രം പങ്കുവച്ച് കുറിച്ചത്. സാഹോദര്യവും സ്പോര്‍ട്സ്മാന്‍ഷിപ്പും എന്താണെന്ന് ഈ ഒരൊറ്റച്ചിത്രം പറയുന്നുണ്ടെന്നും എക്സില്‍ ആരാധകര്‍ കുറിച്ചു. സ്കൂള്‍ കാലം ഓര്‍മ വരുന്നുവെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.
ഐപിഎല്ലില്‍ കളിക്കാനിറങ്ങുമ്പോഴും ഇരുവരുടെയും സൗഹൃദം ശ്രദ്ധിച്ചിരുന്നുവെന്ന് ആരാധകര്‍ പറയുന്നു. രാഹുലിന് ഉറച്ച പിന്തുണ കോലി പലപ്പോഴും പരസ്യമായി നല്‍കിയിട്ടുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കോലിയും അനുഷ്കയും പ്രണയിച്ചിരുന്ന കാലത്ത് തന്നെ കൂട്ടി ഡിന്നറിന് പോയിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍ രാഹുല്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. കളിക്കളത്തിലും കോലി ഉറച്ച പിന്തുണയാണ് രാഹുലിന് നല്‍കിയിട്ടുള്ളത്. ക്യാപ്റ്റനായിരിക്കെ നല്‍കിയ ആത്മവിശ്വാസം ഇംഗ്ലണ്ടിനും , ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കുമെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രാഹുലിനെ സഹായിച്ചിട്ടുമുണ്ട്. കോലിയും രാഹുലും ബാറ്റ് ചെയ്യുന്നത് കാണാന്‍ തന്നെ അഴകാണെന്ന് വീരേന്ദര്‍ സെവാഗും ഒരിക്കല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.
ഗാബയില്‍ മൂന്നാം ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യദിനം മഴ മൂലം കളി ഉപേക്ഷിച്ചിരുന്നു. രണ്ടാം ദിനം 75 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഓസീസ് 52 ഓവറില്‍ 132 റണ്‍സെന്ന നിലയിലാണ്. സ്റ്റീവന്‍ സ്മിത്തും ട്രാവിസ് ഹെഡുമാണ് ക്രീസില്‍. ഉസ്മാന്‍ ഖവാജ, നഥാന്‍ മക്സ്വീനി,മാര്‍നസ് ലബുഷെയ്ന്‍ എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ബുംറയാണ് ഖവാജയെയും മക്സ്വീനിയെയും പുറത്താക്കിയത്.