മെറ്റ കമ്പനി ഓഫീസുകളിലെ പുരുഷന്മാരുടെ ശുചിമുറിയില്‍ നിന്നും ടാംപണുകള്‍ നീക്കം ചെയ്യാന്‍ മെറ്റാ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ നിര്‍ദേശം. നോൺ-ബൈനറി, ട്രാൻസ്‌ജെൻഡർ ജീവനക്കാര്‍ക്ക് ഉപയോഗിക്കാനായി പുരുഷന്മാരുടെ ശുചിമുറിയില്‍ ടാംപണുകളും സാനിറ്ററി പാഡുകളും നല്‍കിയിരുന്നു. എന്നാല്‍ ഇവ നീക്കം ചെയ്യണമെന്ന് മെറ്റയുടെ സിലിക്കൺ വാലി, ടെക്‌സസ്, ന്യൂയോർക്ക് ഓഫീസുകളിലെ ഫെസിലിറ്റി മാനേജർമാരോട് നിര്‍ദേശിച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ മാറ്റത്തില്‍ കമ്പനി ഒരു വിശദീകരണം നല്‍കിയിട്ടില്ല.
മെറ്റയുടെ നയംമാറ്റം വിവാദമായിരിക്കുകയാണ്. ലിംഗ ലൈംഗിക ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന ജീവനക്കാര്‍ കമ്പനിയുടെ നയംമാറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ചിലര്‍ പ്രതിഷേധ സൂചകമായി കമ്പനിയില്‍ നിന്നും രാജി വയ്ക്കുകയും രാജി ഭീഷണി ഉയര്‍ത്തുകയും ചെയ്തു.
കമ്പനി നയത്തെ ന്യായീകരിച്ച് ഉന്നത ഉദ്യാഗസ്ഥരും രംഗത്തെത്തി. ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങള്‍ പോലെയുള്ള വിഷയങ്ങള്‍ ഇക്കാലത്ത് രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണെന്ന് മെറ്റ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അലക്സ് ഷുള്‍ട്സ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. തങ്ങള്‍ ആളുകളെ വ്യക്തികളായാണ് വിലയിരുത്തുന്നതെന്നും ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ വംശമോ ലിംഗഭേദമോ അടിസ്ഥാനമാക്കിയല്ല തീരുമാനങ്ങള്‍ എടുക്കുന്നതെന്നും മെറ്റ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസര്‍ ജോയല്‍ കപ്ലാന്‍ പറഞ്ഞു. ഇതിലൂടെ ഏറ്റവും കഴിവുള്ള ടീമുകള്‍ തങ്ങള്‍ക്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ മെറ്റയിലെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ പ്രോഗ്രാമുകൾ നിർത്തലാക്കുകയും മെസഞ്ചർ ആപ്പിൽ നിന്ന് ട്രാൻസ്‌ജെൻഡർ, നോൺ-ബൈനറി തീമുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. അമേരിക്കയിലെ വരാനിരിക്കുന്ന ഭരണമാറ്റത്തില്‍ സംഭവിച്ചേക്കാന്‍ സാധ്യതയുള്ള നയംമാറ്റത്തോട് ചേര്‍ന്നുപോകാനുള്ള തന്ത്രമാണ് മെറ്റ നടപ്പിലാക്കുന്നതെന്നാണ് ഉയരുന്ന വിശകലനങ്ങള്‍.