കണ്ണൂർ കമ്പിലിൽ പ്ലസ് വൺ വിദ്യാർത്ഥി ഭവത് മാനവ് ജീവനൊടുക്കിയ സംഭവത്തില്‍ സ്കൂൾ അധ്യാപകർക്കെതിരെ കുടുംബവും വിദ്യാര്‍ഥികളും രംഗത്ത്. മുടി മുറിക്കാത്തതിനും മാർക്ക് കുറഞ്ഞതിനും കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ആരോപണം. കുടുംബത്തിന്റെ ആരോപണം ശരിവെച്ച് സഹപാഠികളും രംഗത്തെത്തി.
ഭവത് മാനവിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ജനുവരി 8 ന് രാവിലെയാണ്. അമ്മ ഷീബയുടെ പരാതിയിൽ മയ്യിൽ പൊലീസ് ആസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സ്കൂളിനെതിരായ ആരോപണം. നീട്ടി വളർത്തിയ മുടി മുറിക്കാത്തതിന് അധ്യാപകർ സ്റ്റാഫ് മുറിയിൽ കൊണ്ടുപോയി അടിച്ചെന്ന് ഭവതിൻ്റെ അമ്മ പറഞ്ഞു.
ഗുണ്ടകളെ പോലെ കുട്ടികളെ അധ്യാപകർ തല്ലുകയാണെന്ന് മറ്റു കുട്ടികളും പറയുന്നു. അപമാനവും ഉപദ്രവവും സഹിക്കാനാകാത്തതാണെന്നും സ്കൂളിൽ ഇടിമുറിയുണ്ടെന്ന് അധ്യാപകർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഒരുപറ്റം കുട്ടികൾ വ്യക്തമാക്കുന്നു.
കുട്ടികളെ പോലെയല്ല നമ്മളെ ടീച്ചേഴ്സ് കാണുന്നത്. വെറും ജീവികളെ പോലെയാണ്. സിബിഐ ചോദ്യം ചെയ്യുന്ന പോലെ, ഒരു ദയയും ഇല്ലാതെയാണ് കാര്യങ്ങള്‍ ചോദിക്കുന്നത്. പരമാവധി ഉപദ്രവിക്കും. ഫിസിക്സ് ലാബ് ടീച്ചേഴ്സിന്‍റെ ഇടിമുറിയാണ്. സീനിയേഴ്സിസിനേക്കാൾ പേടി ടീച്ചേഴ്സിനെയാണ്. ഇടിമുറിയില്‍ കൊണ്ട് പോയി ഗുണ്ടകളെ പോലെ കുനിച്ച് നിര്‍ത്തി കുട്ടികളെ ഇടിക്കും അവര്‍. – വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
സ്കൂളിനെതിരായ പരാതിയിൽ ആറംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചെന്നും തുടർനടപടി ഉണ്ടാകുമെന്നുമാണ് പ്രിൻസിപ്പൽ രാജേഷിന്റെ വിശദീകരണം . അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകൾ സ്കൂളിലേക്ക് മാർച്ച് നടത്തി.