ഡോണള്‍ഡ് ട്രംപ് യു.എസ്.പ്രസിഡന്‍റായി 20 ന് അധികാരമേല്‍ക്കുമ്പോള്‍ ഇന്ത്യക്ക് ആശങ്കയും പ്രതീക്ഷയും ഒരുപോലെയാണ്. വ്യാപാര ബന്ധത്തിലും സാമ്പത്തിക നയങ്ങളിലും ട്രംപ് കടുംപിടുത്തക്കാരനാണെങ്കിലും രാജ്യാന്തര ബന്ധങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇന്ത്യക്ക് ഗുണം ചെയ്തേക്കും.
ചൈന, പാക്കിസ്ഥാന്‍, കാനഡ, ഇന്ത്യയുമായി അകന്നു നില്‍ക്കുന്ന ഈ മൂന്നുരാജ്യങ്ങളോടും ട്രംപിന് വലിയ മമതയില്ല. ആശ്വസിക്കാം. പ്രതിരോധ രംഗത്തെ സഹകരണത്തിലും ഇന്തോ പസഫിക് മേഖലയിലെ സുരക്ഷയുടെ കാര്യത്തിലും കാര്യമായ നയവ്യതിയാനത്തിനും സാധ്യതയില്ല. എങ്കിലും ചൈനാ നയത്തില്‍ മാറ്റംവന്നേക്കാം.
വ്യാപര ബന്ധത്തില്‍ കടുംപിടുത്തക്കാരനാണ് ട്രംപ്. ഇന്ത്യ നികുതി വര്‍ധിപ്പിച്ചാല്‍ ആതേനാണയത്തില്‍ തിരിച്ചടിക്കുമെന്നാണ് അടുത്തിടെ പറഞ്ഞത്. യു.എസില്‍നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സമ്മര്‍ദമുണ്ടാവും.
കഴിഞ്ഞ തവണ എച്ച് 1 ബി വീസ അനുവദിക്കുന്നതില്‍ വിമുഖത കൂടുതലായിരുന്നു ട്രംപിന്. ഇത്തവണ പക്ഷേ മനംമാറ്റം കാണുന്നു. വിദേശ വിദഗ്ധ തൊഴിലാളികള്‍ കൂടുതല്‍ വരണമെന്ന ഇലോണ്‍ മസ്കിന്‍റെ അഭിപ്രായം ട്രംപും അംഗീകരിച്ചത് പ്രതീക്ഷ നല്‍കുന്നു. പ്രവചനാതീതമാണ് ട്രംപിന്‍റെ സ്വഭാവം. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി എന്തും സംഭവിക്കാം.