അധികാരക്കൈമാറ്റത്തിനൊരുങ്ങവെ തണുത്ത് വിറച്ച് വാഷിങ്ടണ്‍ ഡി.സി. ഡോണള്‍ഡ് ട്രംപിന്റെ തിങ്കളാഴ്ചത്തെ അധികാരമേല്‍ക്കല്‍ ചടങ്ങ് തുറന്ന വേദിയില്‍ നിന്ന് മാറ്റി. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ ഹാളിലാകും സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞ നടക്കുന്ന തിങ്കളാഴ്ച രാവിലെ വാഷിങ്ടണ്‍ ഡിസിയില്‍ മൈനസ് 7 ഡിഗ്രി സെല്‍സ്യസ് താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞുവീഴ്ചയ്ക്കൊപ്പം ശൈത്യക്കാറ്റിനും സാധ്യത കണക്കിലെടുത്താണ് വേദി മാറ്റിയത്.
ആളുകള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനാണ് തീരുമാനമെന്ന് ട്രംപ് അറിയിച്ചു. സത്യപ്രതിഞ്ജയ്ക്ക് മുന്നോടിയായുളള പ്രസിഡന്‍ഷ്യല്‍ പരേഡ് ദൈര്‍ഘ്യം കുറച്ച് കാപ്പിറ്റോള്‍ പരിസരത്ത് മാത്രമാക്കി ചുരുക്കി. 40 വര്‍ഷത്തിനുശേഷമാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ തുറന്നവേദിയില്‍ നിന്ന് മാറ്റുന്നത്. ട്രംപ് അനുകൂലികള്‍ക്കായി കാപ്പിറ്റോളിന് പുറത്ത് പ്രത്യേക സ്ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും.
സത്യപ്രതിജ്ഞയ്ക്ക് ട്രംപ് ലിങ്കണ്‍ ബൈബിളും അമ്മ സമ്മാനിച്ച ബൈബിളും ഉപയോഗിക്കും.1861ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളാണ് ലിങ്കണ്‍ ബൈബിള്‍ എന്നറിയപ്പെടുന്നത്. പിന്നീട് ബറാക് ഒബാമയും 2017ലെ സത്യപ്രതിജ്ഞയ്ക്ക് ട്രംപും ലിങ്കണ്‍ ബൈബിള്‍ ഉപയോഗിച്ചിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് തന്റെ മുത്തശ്ശി സമ്മാനിച്ച ബൈബിളില്‍ തൊട്ടാകും സത്യവാചകം ചൊല്ലുക.
അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഫോണില്‍ ചര്‍ച്ച നടത്തിയത് നിര്‍ണായക നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ചൈനീസ് ഇറക്കുമതിക്കെതിരെ കടുത്ത നിലപാട് എടുക്കുമെന്ന പ്രഖ്യാപനത്തിനിടെയാണ് ട്രംപിന്റെ നീക്കം. ചര്‍ച്ച ഉഷ്മളമായിരുന്നുവെന്നും അമേരിക്ക ചൈന ബന്ധത്തില്‍ പുതിയ തുടക്കമാകുമെന്നും ഇരുനേതാക്കളും പ്രതികരിച്ചു.