TOPICS COVERED

ആദ്യകടമ്പ കടന്ന് ഗാസയിലെ വെടിനിര്‍ത്തല്‍. ഹമാസ് മോചിപ്പിച്ച മൂന്ന് യുവതികള്‍ ഇസ്രയേലില്‍ എത്തിയതിന് പിന്നാലെ 90 പലസ്തീനി തടവുകാരെ ഇസ്രയേല്‍ വിട്ടയച്ചു.  കരാര്‍ പ്രകാരം അടുത്ത ഏഴാംദിവസമാണ് അടുത്ത ബന്ദിമോചനം. ഭക്ഷണവും മരുന്നുകളുമായി ട്രക്കുകള്‍ ഗാസ അതിര്‍ത്തി കടന്നുതുടങ്ങി.

471 ദിവസം നീണ്ട യാതനകള്‍ക്കൊടുവില്‍ ഗാസ ശുഭപ്രതീക്ഷകളുടെ നാളുകളിലേക്ക്.  ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിതകളായ  എമിലി ദമാരി, റോമി ഗോനാന്‍,  ഡോറന്‍ സ്റ്റൈന്‍ബ്രക്കര്‍ എന്നിവരെ ടെല്‍ അവീവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഇസ്രയേല്‍ അറിയിച്ചു. ബന്ദിമോചനത്തിന് പിന്നാലെ ഇസ്രയേല്‍ 90 പലസ്തീന്‍ തടവുകാരെ റെഡ് ക്രോസിന് കൈമാറി. 62 സ്ത്രീകളെയും 21 കൗമാരക്കാരെയുമാണ് ഇസ്രയേല്‍ വിട്ടയച്ചത്. ഒരു ബന്ദിക്ക് മുപ്പത് പലസ്തീന്‍ തടവുകാരുടെ വീതം മോചനത്തിനാണ് ധാരണ.  മടങ്ങിയെത്തിയവര്‍ക്ക് ഗാസയില്‍ വന്‍വരവേല്‍പ് നല്‍കി.

ഇനി ശനിയാഴ്ചയാണ് അടുത്ത ബന്ദിമോചനം. നാല് വനിതകളെക്കൂടി വിട്ടയക്കാനാണ് തീരുമാനം. ഇതിനുള്ളില്‍ ഗാസയിലേക്ക് ഭക്ഷണവും മരുന്നമടക്കം സഹായങ്ങളെത്തണം. വെടിനിര്‍ത്തലിന് പിന്നാലെ  600 ട്രക്കുകള്‍ ഗാസയിലേക്ക് കടന്നതായി യു.എന്‍ അറിയിച്ചു.  പലായനം ചെയ്തവര്‍ ഗാസയിലേക്ക് മടങ്ങാനായി അതിര്‍ത്തികളിലേക്ക് നീങ്ങുകയാണ്.  ഗാസയിലെ ആരോഗ്യ മേഖലയില്‍ ക്രമപ്പെടുത്തുക കടുത്ത വെല്ലുവിളിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി പറഞ്ഞു

ENGLISH SUMMARY:

Israel has released 90 Palestinian prisoners after three young women freed by Hamas arrived in Israel. According to the agreement, the next hostage release is on the seventh day. Trucks with food and medicine began crossing the Gaza border.