അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍. ഹമാസ് ബന്ദികളാക്കിയവരില്‍ മൂന്ന് യുവതികളെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിച്ചു. മൂന്ന് ബന്ദികളെ റെഡ് ക്രോസിന് കൈമാറി. പകരം ഇസ്രയേല്‍ തടവിലാക്കിയ പലസ്തീനികളെയും വിട്ടയയ്ക്കും. 2023 ഒക്ടോബര്‍ ഏഴിന് തെക്കൻ ഇസ്രയേലിലെ സംഗീതപരിപാടിയുടെ വേദിയില്‍ നിന്ന് ബന്ദികളാക്കിയ മൂന്ന് ഇസ്രയേല്‍ യുവതികളെയാണ് മോചിപ്പിച്ചത്.
കരാറിലെ ആദ്യഘട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം മൂന്ന് ബന്ദികളുടെ മോചനത്തിന് ആനുപാതികമായി ഇസ്രയേല്‍ പലസ്തീന്‍ തടവുകാരെ വിട്ടയക്കണം. ഏഴുദിവസത്തിനുശേഷം നാലുപേരെക്കൂടി ഹമാസ് മോചിപ്പിക്കും. തുടര്‍ന്ന് അഞ്ച് ആഴ്ചകളിലായി 26 പേരെയും മോചിപ്പിക്കാനാണ് ആദ്യഘട്ടത്തിലെ വ്യവസ്ഥ. ഗാസയിലെ ഇസ്രയേല്‍ സൈനിക നീക്കം നിയന്ത്രണവിധേയമായിരിക്കണം, ഭക്ഷണവും മരുന്നുമടക്കം ഗാസയിലെക്ക് സഹായമെത്തണം എന്നിവയും വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകളാണ്.
15 മാസത്തെ യുദ്ധത്തിനുശേഷം ഗാസ സമാധാനത്തിലേക്ക്. മധ്യസ്ഥരായ ഖത്തര്‍ പ്രഖ്യാപിച്ചതിലും രണ്ടുമണിക്കൂര്‍ 45 മിനിറ്റ് വൈകിയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായത്. മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകള്‍ ഹമാസ് നല്‍കാതിരുന്നതോടെയാണ് വെടിനിര്‍ത്തല്‍ വൈകിയത്. പിന്നീട് പേരുകള്‍ കൈമാറിയതിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ വൈകിയ രണ്ട്മണിക്കൂറിലും ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയത് ആശങ്ക പരത്തിയിരുന്നു.