sa-base-station

The South African National Antarctic Expedition research base, SANAE IV, at Vesleskarvet, Queen Maud Land, Antarctica. Dr Ross Hofmeyr/Wikipedia

പഠനഗവേഷണങ്ങള്‍ക്കായി  അന്‍റാര്‍ട്ടിക്കയില്‍ എത്തിയ ശാസ്ത്രസംഘത്തില്‍ നിന്നും അടിയന്തര രക്ഷാസന്ദേശം പുറത്ത്. ഗവേഷകരില്‍ ഒരാള്‍ മറ്റൊരാളെ കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നുവെന്നും ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും എത്രയും വേഗം ഇവിടെ നിന്ന് രക്ഷപെടുത്തണമെന്നുമാണ് ഇ–മെയില്‍ സന്ദേശത്തില്‍ ടീം അംഗങ്ങള്‍ പറയുന്നത്. ക്വീന്‍ മോഡ് ലാന്‍ഡിലെ വെസ്​ലെസ്കാര്‍വറ്റിലുള്ള കേന്ദ്രത്തില്‍ നിന്നുമാണ് സഹായം തേടി സന്ദേശമെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഗവേഷകരാണ് ഈ ബേസിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ അന്‍റാര്‍ട്ടിക്ക് പ്രോഗ്രാമിന്‍റെ ഭാഗമായി എത്തിയതാണ് സംഘം. 

FILE - A frozen section of the Ross Sea is pictured at the Scott Base in Antarctica Saturday, Nov. 12, 2016. (Mark Ralston/Pool Photo via AP, File)

FILE - A frozen section of the Ross Sea is pictured at the Scott Base in Antarctica Saturday, Nov. 12, 2016. (Mark Ralston/Pool Photo via AP, File)

പ്രാണഭയത്തിലാണ് തങ്ങളെല്ലാം ജീവിക്കുന്നതെന്നും ടീമംഗങ്ങളിലൊരാള്‍ മറ്റൊരാളെ ഉപദ്രവിക്കുന്നുവെന്നും മറ്റുള്ളവര്‍ക്ക് നേരെയും ഭീഷണി മുഴക്കുന്നുവെന്നും ഇ–മെയില്‍ സന്ദേശത്തില്‍ പറയുന്നു. ശരീരികമായി സഹപ്രവര്‍ത്തകയെ ദ്രോഹിക്കുന്നുവെന്നും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും സന്ദേശത്തില്‍ വിശദമാക്കുന്നു.  എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടമായേക്കാമെന്നും ആക്രമിക്കപ്പെട്ടേക്കാമെന്നും സന്ദേശമയച്ച വ്യക്തി ആശങ്കപ്പെടുന്നുണ്ട്. അക്രമിയുടെ സാന്നിധ്യം തന്നെ എല്ലാവരെയും ഭയപ്പെടുത്തുന്നുവെന്നും ഉടനടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ജീവന്‍ നഷ്ടമായേക്കുമെന്നും പറഞ്ഞാണ് സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. 

വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ  ഗവേഷകരുമായി സംസാരിച്ചുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്ന് അവരെ അറിയിച്ചുവെന്നും ദക്ഷിണാഫ്രിക്കന്‍ പരിസ്ഥിതി മന്ത്രി ഡിയോണ്‍ ജോര്‍ജ്  വ്യക്തമാക്കി. ടീം ലീഡറും അംഗങ്ങളിലൊരാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ഇത് മൂര്‍ധന്യത്തിലെത്തിയതോടെ ടീം ലീഡര്‍ക്ക് നേരെ ശാരീരിക അതിക്രമം നടത്തിയെന്നുമാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.  നിലവില്‍ ബേസ് ക്യാംപിലുള്ളവരുടെ മാനസിക നില അന്‍റാര്‍ട്ടിക്കയിലേക്ക് അയയ്ക്കുന്നതിന് മുന്‍പ് പരിശോധിച്ചതാണ്. അപ്പോള്‍ ആരിലും അക്രമ സ്വഭാവങ്ങള്‍ കണ്ടിരുന്നില്ലെന്നും നിലവില്‍ കുറ്റാരോപിതനായ വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ലെന്നുമാണ് മന്ത്രി സണ്‍ഡേ ടൈംസിനോട് വിശദീകരിച്ചത്. തീര്‍ത്തും ദുസ്സഹമായ സാഹചര്യങ്ങളില്‍ അടച്ചുപൂട്ടപ്പെട്ട അവസ്ഥയില്‍ ജീവിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ചില ബുദ്ധിമുട്ടുകള്‍ ഊഹിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  അതേസമയം, ഇക്കഴിഞ്ഞ ഡിസംബറില്‍ സംഘം യാത്ര തിരിക്കുന്നതിന് മുന്‍പ് തന്നെ കുറ്റാരോപിതനെതിരെ സ്വഭാവ– പെരുമാറ്റ ദൂഷ്യം ആരോപിക്കപ്പെട്ടിരുന്നുവെന്നും ഇത് തലപ്പത്തിരിക്കുന്നവര്‍ ഗൗനിച്ചില്ലെന്നുമാണ് വിമര്‍ശനം ഉയരുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നും ഏകദേശം 2500 മൈല്‍ അകലെയാണ് നിലവില്‍ ഗവേഷകരുള്ളത്. മൈനസ് 23 ഡിഗ്രി സെല്‍സ്യസാണ് താപനില. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്ന സ്ഥലമാണെന്നും കാലാവസ്ഥ നിരീക്ഷകരും വ്യക്തമാക്കുന്നു.

ENGLISH SUMMARY:

A South African Antarctic research team has sent an urgent distress call, reporting threats, harassment, and fears for their safety at the Vesleskarvet base.