യുഎസില്‍ 20കാരിയായ ബോഡിബില്‍ഡര്‍ ജോഡി വാന്‍സിന് ദാരുണാന്ത്യം. സ്പോര്‍ട്സ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായ മരണമാണ് സംഭവിച്ചതെന്ന് ജോഡിയുടെ കുടുംബം പറയുന്നു. മത്സരത്തിനിടെ കടുത്ത തോതിലുള്ള നിര്‍ജ്ജലീകരണം സംഭവിക്കുകയും പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. സുന്ദരിയും മിടുക്കിയുമായ തങ്ങളുടെ പ്രിയപ്പെട്ടവളുടെ വിയോഗത്തില്‍ കടുത്ത ദുഖാര്‍ത്തരാണ് തങ്ങളെന്നും കുടുംബം സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പറയുന്നു.
ഓഹിയോയിലെ കൊളംബസില്‍ നടന്ന അര്‍ണോള്‍ഡ് സ്പോര്‍ട്സ് ഫെസ്റ്റിവലിനിടെയാണ് സംഭവം. മത്സരാര്‍ത്ഥിയായിരുന്നില്ലെങ്കിലും മത്സരത്തില്‍ കുട്ടികളെ സഹായിക്കാനായെത്തിയതായിരുന്നു ജോഡി. മത്സരം പുരോഗമിക്കുന്നതിനടെ ക്ഷീണിതയായ ജോഡിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം ജോഡിക്ക് ഗുരുതരമായ പിഴവു പറ്റിയെന്ന് പരിശീലകന്‍ ജസ്റ്റിന്‍ മിഹാലി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് മിഹാലി ജോഡിയുടെ മരണത്തെക്കുറിച്ച് സംസാരിച്ചത്. താനറിയാതെ ജോഡി എന്തോ ചില അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെോയെന്ന് സംശയിക്കുന്നതായും മിഹാലി. അര്‍നോള്‍ഡ് എക്സ്പോയ്ക്കു വരുന്നതിനു മുന്നോടിയായി തന്റെയോ കുടുംബത്തിന്റെയോ അനുവാദമില്ലാതെ ഫിസിക് മെച്ചപ്പെടുത്താനായി ഉപയോഗിച്ച വസ്തുക്കളെന്തെങ്കിലുമാകാം ഹൃദയാഘാതത്തിനു കാരണമായതെന്നും മിഹാലി പറയുന്നു.
2024 എന്‍പിസി ബാറ്റില്‍ ഓഫ് ടെക്സസില്‍ നടന്ന വിമന്‍സ് ഫിസിക് ഡിവിഷനില്‍ മൂന്നാംസ്ഥാനക്കാരിയായിരുന്നു ജോഡി. ഇടക്കിടെ ഫിസിക് ചിത്രങ്ങളും മോട്ടിവേഷണല്‍ വാക്കുകളുമുള്‍പ്പെടെ പങ്കുവച്ച് സോഷ്യല്‍മീഡിയയിലും സജീവമാണ് ജോഡി വാന്‍സ്.