air-india-aircraft

TOPICS COVERED

ഷിക്കാഗോയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കിയതിന്‍റെ കാരണം പുറത്ത്. വിമാനത്തിലെ ടോയലറ്റുകള്‍ പ്രവര്‍ത്തിക്കാത്തതാണ് വിമാനം യാത്ര ആരംഭിച്ചിടത്തേക്ക് തിരികെ പോകാനുള്ള കാരണമായി എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്.  വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 777-337  ഇആര്‍ വിമാനം ഷിക്കോഗോയിലെ ഒആര്‍ഡി വിമാനത്താവളത്തില്‍ നിന്നും പറന്ന് 10 മണിക്കൂറിന് ശേഷം തിരിച്ചിറങ്ങിയത്. 

ഫസ്റ്റ് ക്ലാസ്, ബിസിനസ്, ഇക്കണോമി ക്ലാസുകളിലായി 340 ലധികം യാത്രക്കാരെ ഉള്‍കൊള്ളാന്‍ സാധിക്കുന്ന വിമാനമാണിത്. ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കുള്ള രണ്ട് പ്രത്യേക സൗകര്യമടക്കം 10 ടോയലറ്റുകളാണ് വിമാനത്തിലുള്ളത്. ഇതില്‍ ഒരെണ്ണം ഒഴികെ ബാക്കി മുഴുവന്‍ പ്രവര്‍ത്തന രഹിതമായതാണ് വിമാനത്തിന്‍റെ യാത്ര മുടക്കിയത്. 

തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക് ബാഗുകൾ എന്നിവകൊണ്ട് ടോയലറ്റിന്‍റെ ശുചിമുറിയിലേക്കുള്ള പൈപ്പുകള്‍ അടഞ്ഞുകിടന്നതാണ് പ്രശ്നത്തിന് കാരണം. യാത്ര ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ആദ്യം ചില ശുചിമുറികളില്‍ പ്രശ്നം കണ്ടു. 12 ല്‍ എട്ടും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്തിയതോടെ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് വിമാനം തിരികെ ഇറക്കുകയായിരുന്നു എന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.  

വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലെത്തിയപ്പോഴാണ് സംഭവം കണ്ടെത്തുന്നത്. യൂറോപ്യൻ വിമാനത്താവളങ്ങളിലെ രാത്രികാല പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് ചിക്കാഗോയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചതെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു. ഷിക്കാഗോയിൽ വിമാനമിറങ്ങിയ ശേഷം യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നതായും യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും എയര്‍ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. 

ENGLISH SUMMARY:

Air India’s Chicago to Delhi flight was forced to return after 10 hours due to inoperative toilets. Read more about the incident and airline’s explanation.