പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വീണ്ടും വിമതരുടെ ആക്രമണം. സൈനിക വാഹന വ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെട്ടു. അഞ്ചുപേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് സൈന്യത്തിൻ്റെ വാദം.
സൈനികരുമായി പോകുകയായിരുന്ന ബസുകൾക്കുനേരെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നോഷ്കിയിലാണ് ആക്രമണമുണ്ടായത്. റോഡരികിൽനിന്ന് ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എട്ട് ബസുകളിൽ ഒന്ന് പൂർണമായും തകർന്നു. 90 പേർ കൊല്ലപ്പെട്ടതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെട്ടു. മജീദ് ബ്രിഗേഡാണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
അതേസമയം അഞ്ചുപേരാണ് കൊല്ലപ്പെട്ടതെന്നാണ് സൈന്യത്തിൻ്റെ വാദം. 12 പേർക്ക് പരുക്കേറ്റതായും സൈന്യം സ്ഥിരീകരിച്ചു. പാക് പ്രാദേശിക മാധ്യമങ്ങളും ഇതാണ് റിപ്പോർട്ട് ചെയ്യുന്നത്. ചാവേറാക്രമണമാണുണ്ടായതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിലൂടെ ട്രെയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയ ദിവസങ്ങൾ മാത്രം പിന്നിടവെയാണ് വിമതരുടെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടായത്. ട്രെയിനിലെ 214 പേരെ വധിച്ചതായി വിമതർ അവകാശപ്പെട്ടിരുന്നു. 33 പേരാണ് കൊല്ലപ്പെട്ടതെന്നും മറ്റുള്ളവരെ മോചിപ്പിച്ചെന്നുമായിരുന്നു സൈന്യത്തിൻ്റെ വാദം.