Heathrow-airport

TOPICS COVERED

വൈദ്യുതി മുടങ്ങിയതിനാല്‍ അടച്ചിട്ട ബ്രിട്ടനിലെ ഹീത്രു വിമാനത്താവളം തുറന്നു. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചശേഷമുള്ള ആദ്യവിമാനം ലാന്‍ഡ് ചെയ്തു. നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തിലേറെ വിമാനങ്ങളാണ് 24 മണിക്കൂറിനിടെ റദ്ദാക്കിയത്. 

ലണ്ടനില്‍ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്നാണ് ഹീത്രൂ വിമാനത്താവളം അടച്ചിട്ടത്. ലണ്ടനില്‍ പതിനാറായിരത്തിലധികം വീടുകളില്‍ വൈദ്യുതിയില്ല. തീപിടിത്തത്തില്‍ ഭീകരവിരുദ്ധ പൊലീസും അന്വേഷണം തുടങ്ങി. 

ലോകത്തെ ഏറ്റവും വലിയ അ‍ഞ്ചാമത്തെ വിമാനത്താവളമാണ് ഹീത്രൂ. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ഏഴ് മണിക്കൂറിലധികമെടുത്താണ് തീപിടിത്തം നിയന്ത്രിക്കാനായത്. ഹീത്രു വിമാനത്താവളത്തിലേക്ക് വരേണ്ടതും ഹീത്രുവില്‍ നിന്ന് പുറപ്പെടേണ്ടതുമായ 1350 വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരുന്നു

പൊട്ടിത്തെറിയുണ്ടായ സമയത്ത് ആകാശത്തുണ്ടായിരുന്ന 120 വിമാനങ്ങള്‍ ലണ്ടന് പുറത്തുള്ള ഗാറ്റ്‌വിക് എയര്‍പോര്‍ട്ടിലും പാരിസ്, അയര്‍ലന്‍ഡിലെ ഷാനോന്‍ വിമാനത്താവളങ്ങളിലുമായി ഇറക്കി. ചില വിമാനങ്ങള്‍ പുറപ്പെട്ടിടത്തേക്ക് തിരിച്ചുപറന്നു. 

ENGLISH SUMMARY:

Heathrow to resume full flight ops from Saturday after power outage halts Europe’s busiest airport