ജോലിക്കിടയില്‍ ചെറിയ വെക്കേഷന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ജോലിഭാരമെല്ലാം ഇറക്കിവെച്ച് സമാധാനമായി സമയം ചെലവഴിക്കാന്‍ പലരും അവധിയെടുക്കാറുമുണ്ട്. പക്ഷേ അവധി ആറുവര്‍ഷം നീണ്ടാലോ? അതും മുഴുവന്‍ ശമ്പളത്തോടെ. സ്പെയിനിലെ കാഡിസിൽ മുനിസിപ്പൽ വാട്ടർ കമ്പനിയിൽ പ്ലാന്റ് സൂപ്രണ്ടായ ജോക്വിൻ ഗാർഷ്യയാണ് നീണ്ട ആറുവര്‍ഷം ജോലി ചെയ്യാതെ മുഴുവന്‍ ശമ്പളം കൈപ്പറ്റി തട്ടിപ്പ് നടത്തിയത്.
1990 മുതല്‍ മുനിസിപ്പല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ് ജോക്വിന്‍. ജോലിയില്‍ 20 വര്‍ഷം തികഞ്ഞ സമയത്ത് ജാക്വിന് ദീര്‍ഘകാല സേവനത്തിന് അവാര്‍ഡ് നല്‍കാന്‍ കമ്പനി തീരുമാനിച്ചു. അവാര്‍ഡ് വാങ്ങാന്‍ ക്ഷണിച്ചിട്ടും ഇയാള്‍ എത്തിയില്ല. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. അന്വേഷണം നടത്തി ആളെ കണ്ടെത്തിയപ്പോള്‍ പറഞ്ഞതുകേട്ട് അധികൃതര്‍ ഞെട്ടി.
ജോലിക്കുപോകാതെ ജോക്വിന്‍ പ്രതിവർഷം 41,500 ഡോളർ അതായത് 36 ലക്ഷം രൂപയോളം ശമ്പളമായി വാങ്ങി. ജോലിസ്ഥലത്തെ രണ്ട് വകുപ്പുമേധാവികള്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് ജോക്വിന്‍ ദുരുപയോഗിച്ചത്. രണ്ട് മേധാവികളും ഇയാള്‍ ജോലി ചെയ്യുന്നത് മറ്റേ വകുപ്പിന് കീഴിലാണെന്ന് കരുതി. ഇതുകാരണമാണ് ഇത്രകാലവും തട്ടിപ്പ് പിടിക്കപ്പെടാതെ പോയത്.
തട്ടിപ്പ് പുറത്തായതോടെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ജോലിസ്ഥലത്തെ പീഡനമാണ് ഓഫിസില്‍ വരാതിരിക്കാൻ കാരണമെന്നും അവിടെ ചെയ്യാൻ കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ലെന്നും ജോക്വിൻ ഗാർഷ്യയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വിശദീകരണം കോടതി തള്ളി. വിധി സര്‍ക്കാരിന് അനുകൂലമായി. ആറുവർഷം ജോലിക്ക് പോകാതിരുന്നതിന് ജോക്വിൻ ഗാർഷ്യക്ക് 30,000 ഡോളർ (ഏകദേശം 25 ലക്ഷം രൂപ) പിഴ ചുമത്തി. ഇത് ഒരു വർഷത്തെ നികുതിക്ക് ശേഷമുള്ള ശമ്പളത്തിന് തുല്യമാണ്.