മ്യാന്‍മാറിലും ബാങ്കോക്കിലുമുണ്ടായ ഭൂചനത്തില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. ഭൂചലനസമയത്തെ നടുക്കുന്ന ദൃശ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുയാണ്. ഇതിലൊന്നായിരുന്നു നിര്‍മാണത്തിലായിരുന്ന കൂറ്റന്‍കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് തകര്‍ന്ന വീണ ക്രെയിനിന്‍റെ ദൃശ്യങ്ങള്‍. അപകട സമയത്ത് ക്രെയിനിനകത്ത് ഓപ്പറേറ്റര്‍ ഉണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തേക്ക് വരുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്തേക്ക് വന്നിരിക്കുന്നത്. ഭൂചലനത്തിന്‍റെ ആഘാതത്തില്‍ ഒടിഞ്ഞുപോയ ക്രെയിനൊപ്പം ഓപ്പറേറ്ററും കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതേസമയം ഭൂകമ്പത്തില്‍ മരണസംഖ്യ 1000 കടന്നു. 1002 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മ്യാന്‍മറില്‍ ഉണ്ടായ ഭൂകമ്പത്തിന് റിക്ടര്‍ സ്‌കെയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയിരുന്നു. 2000ത്തിലധികം പേര്‍ക്ക് പരുക്കേറ്റു. ബാങ്കോക്കിലും മ്യാന്‍മറിലെ വിവിധയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ആദ്യത്തെ ഭൂകമ്പത്തിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി.
മ്യാന്‍മറിലെ പ്രശസ്ത ആശ്രമമായ മാ സോ യാനെ ഉള്‍പ്പടെ തകര്‍ന്നുവീണു. റോഡുകളും കെട്ടിടങ്ങളും നാമാവശേഷമായി. 90 വര്‍ഷം പഴക്കമുള്ള ഡാം പൊട്ടി, പാലങ്ങള്‍ തകര്‍ന്നു, പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ ഇല്ലാതെയായി എന്നും വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു.