palestinian-medics-killed

ഗാസയിലെ ടെൽ അൽ സുൽത്താനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ 15  പലസ്‌തീൻ രക്ഷാപ്രവര്‍ത്തകരെ വെടിവച്ചുകൊന്ന് കുഴിച്ചുമൂടി ഇസ്രയേല്‍ സൈന്യത്തിന്‍റെ ക്രൂരത. പലസ്‌തീൻ റെഡ് ക്രസന്‍റ് സംഘടനയുടേതടക്കമുള്ള 15 പ്രവർത്തകരെയാണ് സൈന്യം വധിച്ചത്.  സൈന്യം ഓരോരുത്തരെയായി  വെടിവച്ച് കൊല്ലുകയായിരുന്നെന്ന് യുഎൻ ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ് ഓഫിസ് അറിയിച്ചു. 

8 റെഡ് ക്രസന്‍റ് പ്രവർത്തകര്‍, 6 സിവിൽ ഡിഫൻസ് പ്രവർത്തകര്‍, ഒരു യുഎൻ ജീവനക്കാരഎന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഭൂമിക്കടിയില്‍ നിന്ന് കണ്ടെടുത്തത്. ഇസ്രയേൽ സൈന്യം ബുൾഡോസർ ഉപയോഗിച്ച് കുഴിയെടുത്താണ് മൃതദേഹങ്ങളും, രക്ഷാപ്രവർത്തകരുടെ ആംബുലൻസുകളും ഉള്‍പ്പടെ കുഴിച്ചുമൂടിയത്.

മാർച്ച് 23നാണ്  15  പലസ്‌തീൻ രക്ഷാപ്രവര്‍ത്തകരെ കൊന്ന് ആ മൃതദേഹങ്ങൾ കുഴിച്ചിട്ടത്. കാണാതായ ദൗത്യസംഘത്തിലെ ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടുമില്ല. ഇദ്ദേഹവും കൊല്ലപ്പെട്ടോ, ജീവനോടെയുണ്ടോ എന്നത് വ്യക്തമല്ല. അതേസമയം രക്ഷാപ്രവർത്തകരെ കൊല ചെയ്തതിനെ അപലപിച്ച് യുഎൻ റിലീഫ് ഏജൻസി മേധാവി ഫിലിപ്പ് ലാസറീനി രംഗത്തെത്തി. 

23ന് പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിൽ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. അവരുടെ ജീവന്‍ രക്ഷിക്കാനെത്തിയ റെഡ് ക്രസന്‍റ് ആംബുലൻസിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. നിരവധി രക്ഷാ പ്രവർത്തകർ കൊല്ലപ്പെട്ടെന്നറിഞ്ഞാണ് രണ്ടാമതൊരു സംഘം ഇവിടെയെത്തിയത്. കാറുകളും ആംബുലൻസുകളും  ഉൾപ്പെട്ട ഈ സംഘത്തിന് നേരെയും സൈന്യം വെടിയുതിര്‍ത്തു. 

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 322 കുട്ടികളാണ് മരിച്ചത്. 609 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു.  

കൊല്ലപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും കുടിയിറക്കപ്പെട്ടവരാണ്. താത്‌ക്കാലിക കൂടാരങ്ങളിലാണ് ഇവർ അഭയം തേടിയിരുന്നത്. മാർച്ച് 18ന് ഗാസയിൽ തീവ്രമായ ബോംബാക്രമണം പുനരാരംഭിച്ചതാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കിയത്. 

ENGLISH SUMMARY:

Israeli troops killed 15 Palestinian medics