കറുപ്പിന്റെ കൂടെപ്പിറപ്പാണ് വെറുപ്പ്. വിവേചനത്തിന്റെ വര്‍ണം. തൊലിനിറം നോക്കി കൂട്ടുകൂടുന്നവര്‍. സ്നേഹം പകുത്തുനല്‍കുന്നവര്‍. കലാകാരനെ കാക്കയോട് ഉപമിച്ചതും ഗായികയുടെ കാലുകളെ പുച്ഛിച്ചതും ഇരുണ്ട നിറമുള്ള നവവധുവിനെ തൂക്കുകയറിടീച്ചതും കേരളം ചര്‍ച്ച ചെയ്തതാണ്. ബോഡി ഷെയിമിങ് തെറ്റാണെന്ന് കുഞ്ഞുങ്ങള്‍ പോലും തുറന്നുപറയുന്ന കാലം. എന്നിട്ടും നേരം വെളുക്കാത്തവരുണ്ടെന്നതാണ് സത്യം. കറുപ്പിന് എന്താ പ്രശ്നം?
നേരത്തേ മനസ്സുലയ്ക്കുന്ന അനുഭവം പങ്കുവച്ചത് സംസ്ഥാനത്തെ ഭരണസംവിധാനത്തിന്‍റെ നായികയാണ്. നാടേതായാലും കറുത്തവര്‍ കളത്തിലും കളിക്കളത്തിലും മാറ്റി നിര്‍ത്തപ്പെടുന്നുണ്ട് ഇന്നും. വര്‍ണവെറിയില്ലാത്ത ലോകം സ്വപ്നം കണ്ട മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്‍റെ ഓര്‍മ്മദിനം വീണ്ടുമെത്തുമ്പോള്‍ ഈ പച്ചപ്പരമാര്‍ഥങ്ങള്‍ പറയാതെ വയ്യ. ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന മാര്‍ട്ടിന്‍ ലൂഥറിന്‍റെ വാക്കുകള്‍ക്ക് ഈ കാലം ഒരിക്കല്‍ക്കൂടി അടിവരയിടുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1963 ഓഗസ്റ്റ് 28നാണ് ‘എനിക്കൊരു സ്വപ്നമുണ്ടെ’ന്ന് കിങ് വിളിച്ചുപറഞ്ഞത്. കേവലം 18 മിനിറ്റ് നീണ്ട ആ പ്രസംഗത്തിലെ ഉള്ളുലഞ്ഞ തിരിച്ചറിവും പ്രതീക്ഷകളും ശാരദാ മുരളീധരന്‍ എന്ന ചീഫ് സെക്രട്ടറിയുടെ വാക്കുകളിലും കാണാം. ഇനിയൊരാള്‍ക്കും ഇങ്ങനെയൊന്നും പറയേണ്ടിവരരുത് എന്ന ആഗ്രഹത്തോടെയാണ് 62 വര്‍ഷം മുന്‍പ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് എന്ന അമേരിക്കന്‍ ഗാന്ധി 52 വര്‍ഷം മുന്‍പ് അങ്ങനെയൊക്കെ പറഞ്ഞത്. പക്ഷേ ഇന്നും അദ്ദേഹം സ്വപ്നം കണ്ട കാലം അകലെത്തന്നെ.
കറുപ്പിനോടുള്ള വെറുപ്പിന് യുഗങ്ങളുടെ പഴക്കമുണ്ട്. തൊലിയുടെ നിറത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ വെറുക്കുന്ന കൊടിയ നീചത്വം പ്രബുദ്ധമെന്ന് ആവര്‍ത്തിച്ചവകാശപ്പെടുന്ന കേരളത്തിലും നിലനില്‍ക്കുന്നു എന്നത് ഈ സമൂഹത്തെയൊന്നാകെ തലകുനിപ്പിക്കേണ്ട അപമാനമാണ്. രണ്ടായിരത്തഞ്ഞൂറിലേറെ പ്രസംഗങ്ങളിലായി തന്‍റെ സ്വപ്നങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച, ആത്മാഭിമാനം മനുഷ്യന് മറ്റെന്തിനെക്കാളും വലുതാണെന്ന് പഠിപ്പിച്ച മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയര്‍, 1968 ഏപ്രിൽ മാസത്തില്‍ മെംഫിസിൽ ജോൺ ഏൾ റേയുടെ വെടിയേറ്റ് രക്തസാക്ഷിയായി. അന്നുവരെ അദ്ദേഹം പറഞ്ഞതും കലഹിച്ചതും പോരാടിയതും ഇതുപോലൊരു മനോവേദന ആർക്കും ഉണ്ടാവരുതെന്ന് കരുതിയായിരുന്നു.
1929ല്‍ അമേരിക്കയിലെ ജോർജിയയിൽ ആബേൺ അവന്യുവിൽ ആയിരുന്നു കിങ്ങിന്റെ ജനനം. ആഫ്രോ അമേരിക്കക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിക്കൊണ്ടിരുന്ന ഒരു കുടുംബത്തിൽ. ഈ പശ്ചാത്തലം അദ്ദേഹത്തിലെ നേതാവിനെ വളർത്തി. അക്രമവും അനീതിയും സഹിക്കാൻ കഴിയാത്ത പ്രകൃതമായിരുന്നു കിങ്ങിന്റേത്. ബൈബിളിൽ നിന്നും ക്രിസ്‌തുദേവനിൽനിന്നുമാണ് അഹിംസയെപ്പറ്റി മനസ്സിലാക്കിയതെന്ന് പറഞ്ഞിട്ടുള്ള ആ മനുഷ്യസ്‌നേഹി ചെറുപ്പകാലത്തുതന്നെ നല്ല പ്രാസംഗികൻ എന്ന പേരു നേടി. ജനങ്ങളെ ബോധവത്‌ക്കരിക്കാൻ അദ്ദേഹമുപയോഗിച്ച ഏറ്റവും ശക്തമായ ആയുധം പ്രസംഗമായിരുന്നു.
ഈ രാജ്യം അതിന്റെ യഥാര്‍ത്ഥ അന്തസത്തയിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ദിനം വരും എന്ന് കിങ് പ്രത്യാശിച്ചു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യന്റെ ജാതിയും മതവും നിറവും കുലവും സംബന്ധിച്ച വേര്‍തിരിവുകള്‍ വലിയ മാറ്റമില്ലാതെ തുടരുന്നു. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ജാതിവിവേചനത്തിന്‍റെ പേരില്‍ ഒരു യുവാവിന് ക്ഷേത്രത്തിലെ ജോലി രാജിവയ്ക്കേണ്ടിവന്ന ദിനത്തിലാണ് ഈ വിഡിയോ തയാറാക്കുന്നത്. തൊലിയുടെ നിറംകൊണ്ടല്ല, മറിച്ച് സ്വഭാവത്തിന്റെ മേന്മകൊണ്ട് വ്യക്തികളെ വിലയിരുത്തപ്പെടുന്ന സമൂഹത്തില്‍ തന്റെ നാലു കുഞ്ഞുങ്ങള്‍ ജീവിക്കുന്ന ഒരു ദിനം, അതാണ് മാര്‍ട്ടിന്‍ ലൂഥര്‍ ആഗ്രഹിച്ചത്. ഇന്നുമെത്തിച്ചേര്‍ന്നിട്ടില്ല നമ്മളാ ദിനത്തിലേക്ക്.