nurse-kuwait-t

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യന്‍ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് നോർക്ക പ്രതിനിധികൾ ആരോഗ്യമന്ത്രാലയം അധികൃതരുമായി ചർച്ച നടത്തി. അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി തലത്തിൽ നടന്ന ചർച്ച ആശാവഹമാണെന്ന് നോർക്ക അധികൃതര്‍ അറിയിച്ചു.

 

സ്വകാര്യ ഏജൻസികൾ മുഖേനയുള്ള റിക്രൂട്ട്മെൻ‌റിന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നതോടെയാണ് ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെൻ‌റ് അവതാളത്തിലായത്. ഇതോടെ റിക്രൂട്ട്മെന്‍റ് നോർക്ക, ഒഡെപെക് തുടങ്ങി സർക്കാർ ഏജൻസികൾ മുഖേനയാക്കി. നോർക്ക, തെലങ്കാന ഓവർസീസ് മാൻ‌‌പവർ കമ്പനി എന്നിവ വഴി നടത്താനിരുന്ന റിക്രൂട്ട്മെൻ‌റ് ക്രമക്കേട് ആരോപിക്കപ്പെട്ടതിനെ തുടർന്ന് റദ്ദാക്കുകയും ചെയ്‌തു. കേന്ദ്ര സർക്കാറിൻ‌റെ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ റജിസ്റ്റർ ചെയ്യുന്ന ഏത് ഏജൻസിക്കും റിക്രൂട്ട്മെൻ‌റ് ആകാമെന്നതാണ് നിലവിലുള്ള സ്ഥിതി. ഈ സാഹചര്യത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്കുള്ള റിക്രൂട്ട്മെൻ‌റ് ഏറ്റെടുക്കാനുള്ള ശ്രമമാണ് നോർക്ക നടത്തുന്നത്. ചര്‍ച്ച വിജയിക്കുകയാണെങ്കിൽ കേരളത്തിൽനിന്നുള്ള നഴ്സുമാർക്ക് വലിയ സാമ്പത്തിക ബാധ്യത കൂടാതെ സർവീസ് ചാർജ് മാത്രം നൽകി തൊഴിൽ ലഭ്യമാക്കാം. നോർക്കയിൽ റജിസ്റ്റർ ചെയ്‌ത ഉദ്യോഗാർഥികളുടെ ഡേറ്റയിൽ നിന്നാകും റിക്രൂട്ട്മെൻ‌റ്. 2016നു ശേഷം കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യയിൽനിന്ന് നഴ്സിങ് റിക്രൂട്ട്മെൻ‌റ് നടന്നിട്ടില്ല.