saudi-driving

റിയാദ്: ചരിത്ര മുഹൂർ‌ത്തം പിറന്നു. സൗദിയിയിൽ ആദ്യമായി വനിതകൾ വളയിട്ടകൈകളാൽ വളയം പിടിച്ചു. ഇന്ന്(ഞായർ) രാവിലെയാണ് സൗദി അറേബ്യയിൽ‌ ആദ്യമായി വനിതകൾ‌ വാഹനമോടിച്ചത്. വാഹനമോടിക്കുന്നതിന് മുൻപ് ട്രാഫിക് വിഭാഗം   പൊലീസ് ഉദ്യോഗസ്ഥർ വനിതകൾക്ക് പനിനീർപുഷ്പങ്ങൾ സമ്മാനിച്ചു. റിയാദിലെ ഹസീൽ അൽ ഹമദ് സൗദി അറേബ്യൻ മോട്ടോർ ഫെഡറേഷനിൽ അംഗമായ ആദ്യത്തെ വനിതാ ഡ്രൈവറായി.

എനിക്കിത് വിശ്വസിക്കാനാകുന്നില്ല–റിയാദിൽ ആദ്യമായി വാഹനമോടിച്ച സൗദി വനിത ട്വിറ്ററിൽ‌ കുറിച്ചു.

 

ഈ മാസം 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാമെന്ന് സല്‍മാന്‍ രാജാവ് ചരിത്ര പ്രഖ്യാപനം നടത്തിയിരുന്നു. ഇതേതുടർന്ന് അരലക്ഷത്തിലധികം സൗദി വനിതകളാണ്  പുതുതായി വാഹനമോടിക്കാന്‍ അനുമതി ലഭിച്ചത്.   പ്രധാന റോഡുകളില്‍ മുന്നറിയിപ്പ് വിവരങ്ങള്‍ രേഖപ്പെടുത്തി മതിയായ തയ്യാറെടുപ്പുകളും നടത്തി. 

 

പരിശീലനം നേടിയ നാല്‍പ്പതോളം വനിതാ ട്രാഫിക് ഉദ്യോഗസ്ഥകള്‍ ജോലിയില്‍ പ്രവേശിച്ചു. വനിതകള്‍ വാഹനമോടിക്കുന്നതിനാല്‍ ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്യാനുതകുന്ന തരത്തില്‍ വിദഗ്ധ പരിശീലനമാണ് അവര്‍ക്ക് നല്‍കിയത്. ഇന്‍ഷുറന്‍സ് കമ്പനിയായ നജ്മന്‍റെ നേതൃത്വത്തിലായിരുന്നു പരിശീലനം.