rahul-gandhi-ms-yusuff-ali

യുഎഇ സന്ദർശനത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യവസായ പ്രമുഖൻ എം.എ യൂസഫലിയുടെ വസതിയിൽ സന്ദർശനം നടത്തികൊണ്ടാണ് അബുദാബിയിലെ തിരക്കിട്ട പരിപാടികൾക്ക് തുടക്കം കുറിച്ചത്.ശനിയാഴ്ചയാണ് രാഹുൽ യൂസഫലിയുടെ അബുദാബിയിലെ വീട്ടിലെത്തിയത്. വെളളിയാഴ്ചത്തെ പൊതുപരിപാടിക്കു ശേഷം ശനിയാഴ്ച ആദ്യം പോയത് യൂസഫലിയുടെ വീട്ടിലേയ്ക്കായിരുന്നു. യൂസഫലിയും കുടുംബാംഗങ്ങളും ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. യൂസഫലിയുടെ ഭാര്യ സാബിറ, മകൾ ഷിഫ, മരുമക്കളായ ഡോ. ഷംസീർ വയലിൽ, അദീബ് അഹമ്മദ്, ഷാരോൺ, സഹോദരൻ എം.എ അഷറഫ് അലി എന്നിവരും രാഹുലിനെ സ്വീകരിക്കാനുണ്ടായിരുന്നു. ഇന്ത്യയുടെ വ്യവസായം, കാർഷികം തുടങ്ങിയ മേഖലകളെ കുറിച്ചും ഇരുവരും ചർച്ച ചെയ്യുകയും ചെയ്തു.

യൂസഫലിയുടെ ആൽബം രാഹുലിനെ പഴയ സ്മരണകളിലേക്കും കൂട്ടിക്കൊണ്ടുപോയി.2006 ൽ രാജീവ് ഗാന്ധി അവാർഡിനർഹനായ യൂസഫലി അന്നത്തെ പെട്രോളിയം മന്ത്രി മുരളി ദിയോറയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്ന ചിത്രമാണ് പിതൃസ്മരണകളിലേയ്ക്ക് രാഹുലിനെ നയിച്ചത്. തൊട്ടടുത്തു നിൽക്കുകയായിരുന്ന മിലിൻ ദിയോറയ്ക്കും അച്ഛൻ മുരളി ദിയോറയ്ക്കുളള സ്മരണാഞ്ജലിയായി.

                                                                                                                        രാഹുല്‍ഗാന്ധിയുടെ ചിത്രങ്ങളേന്തിയും ആര്‍പ്പ് വിളിച്ചും രാജകീയമായ സ്വീകരണമാണ് യുഇഎ ജനത നല്‍കിയത്. രണ്ടു ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ രാഹുൽ കഴിഞ്ഞ ദിവസമാണ് ദുബായില്‍ പ്രവാസികളെ അഭിസംബോധന ചെയ്തത്. പതിനായിരക്കണക്കിനാളുകളാണ് രാഹുലിനെ കാണാനും കേൾക്കാനുമായി സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. പ്രവാസികളെയും യുഎഇ പ്രധാനമന്ത്രിയെയും പുകഴ്ത്തിയാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. 

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ച രാഹുൽ, പ്രവാസികൾക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. രാഷ്ട്രീയലാഭത്തിനുവേണ്ടി ബിജെപി രാജ്യത്തേയും ജനങ്ങളേയും വിഭജിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ബിജെപി അധികാരമേറ്റശേഷമുള്ള നാലരവര്‍ഷം ഇന്ത്യയില്‍ അസഹിഷ്ണുതയുടെ കാലഘട്ടമാണ്. വിനയമില്ലാതെ സഹിഷ്ണുത അസാധ്യമാണെന്നും നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു.