ദുബായ്: കടലിലെ കൊമ്പൻമാരെ ചൂണ്ടയിൽ കുരുക്കി കറിച്ചട്ടിയിലാക്കാൻ കൂട്ടത്തോടെ മലയാളികൾ. വടക്കൻ എമിറേറ്റുകളിലെ കടലോരങ്ങളിൽ എല്ലാ അവധിദിവസങ്ങളും ആഘോഷമാക്കുകയാണു ചൂണ്ടക്കാർ. വമ്പൻ അയക്കൂറ മുതൽ തിരണ്ടിവരെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ ഓരോ യാത്രയിലും 'ചാകര'. 10 കിലോയുള്ള അയക്കൂറയും 30 കിലോയുള്ള തിരണ്ടിയും കിട്ടിയ ദിവസങ്ങളുണ്ട്. പാട്ടും മേളവുമായി എല്ലാവരും കൂടി തീരത്തു തന്നെ ബാർബിക്യൂ ചെയ്ത് കഴിച്ചശേഷം ഒരാഴ്ചത്തേക്കുള്ള മത്സ്യവുമായി ഉച്ചയോടെ മടങ്ങുന്നു.
ബന്ധുക്കൾക്കും കൂട്ടുകാർക്കും കുശാൽ. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ബാച് ലേഴ്സ് അടക്കമുള്ളവരാണ് സംഘത്തിലുള്ളത്. 20ൽ ഏറെ മലയാളികൾ. ആഴ്ചകൾ പിന്നിടുമ്പോൾ സംഘബലം കൂടുന്നു. കുടുംബത്തോടൊപ്പം എത്തുന്നവരുമുണ്ട്. ചൂണ്ടയിടീൽ ഹരമായ വാട്സാപ് കൂട്ടായ്മയുമുണ്ട്. പോകേണ്ട സ്ഥലങ്ങൾ തലേന്നു തീരുമാനിക്കുന്നു. വെറും കയ്യോടെ മടങ്ങേണ്ട അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് പാലക്കാട് സ്വദേശികളായ സിജു പോൾ, സിബി, കാസർകോട് സ്വദേശി ഇർഷാദ്, ഗുരുവായൂർ സ്വദേശി വിപിൻ ദാസ്, ചാവക്കാട് സ്വദേശി സിദ്ദിഖ് എന്നിവർ പറഞ്ഞു. 2 വർഷമായി എല്ലാ അവധിദിവസങ്ങളിലും പോകുന്നു.
ദുബായ്, ഷാർജ എമിറേറ്റുകളിൽ താമസിക്കുന്നവരാണേറെയും. പുലർച്ചെ 4 മണിയോടെ 6-7 വാഹനങ്ങളിലായി ഒരുമിച്ചാണു യാത്ര. ഷാർജ ഹംറിയ, ഉമ്മുൽഖുവൈൻ, ഫുജൈറ ദിബ്ബ എന്നിവിടങ്ങളാണ് പ്രിയപ്പെട്ട മേഖലകൾ. തീരത്തെ കരിങ്കൽ കെട്ടുകളിൽ നിന്നാണു മീൻപിടിത്തം. മത്സ്യലഭ്യത കൂടിയ മേഖലകൾ നോക്കി 3-4 കിലോമീറ്റർ നടക്കേണ്ടിവരും. ഓരോയിനം മത്സ്യവും കിട്ടുന്ന സീസണും സമയവുമുണ്ട്.
ചൂണ്ടകൾ പലവിധം
മീൻ പിടിക്കാൻ പലതരം ചൂണ്ടകൾ. ലൂറുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ചെറിയ കൃത്രിമ മത്സ്യങ്ങളെ ഇരകളാക്കി വലിയ മത്സ്യങ്ങളെ ആകർഷിക്കുന്നു. കൃത്രിമ മത്സ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊളുത്തുകളുണ്ടാകും. തിളങ്ങുകയും അനങ്ങുകയും ചെയ്യുന്ന 'ഇരയെ' ആക്രമണ സ്വഭാവമുള്ള മത്സ്യങ്ങൾ 'വെട്ടു'ന്നതോടെ കുരുങ്ങുന്നു. വളയാത്ത കൊളുത്തും പൊട്ടാത്ത ചരടുമാണ് ചൂണ്ടയുടെ പ്രത്യേകത. ടോപ്പ് വാട്ടർ ലൂർ, മിഡ് വാട്ടർ ലൂർ, ഡീപ് വാട്ടർ ലൂർ എന്നിങ്ങനെ മൂന്നിനങ്ങളുണ്ട്. പേരുകൾ പോലെ ആദ്യത്തേതിനു ജലപ്പരപ്പിലെയും രണ്ടാമത്തേതിന് വെള്ളത്തിന്റെ മധ്യഭാഗത്തെയും മൂന്നാമത്തേതിന് അടിത്തട്ടിലെയും മത്സ്യങ്ങളെ പിടിക്കാനാകും.
ആഴമറിഞ്ഞ് ആഞ്ഞെറിയാം
ചൂണ്ടയേറിലുമുണ്ട് കാര്യം. കടലിൽ പരമാവധി ദൂരത്തേക്ക് കൊളുത്ത് വലിച്ചെറിയണം. വലിയ മത്സ്യങ്ങൾ തീരത്തോടു ചേർന്നു വരില്ല. ഒടിയാത്ത പ്രത്യേകയിനം റോഡ് (ചൂണ്ടക്കോൽ) ആണ് മറ്റൊരു പ്രത്യേകത. കൊളുത്തിൽ മത്സ്യം ചെറുതായി തട്ടിയാൽ പോലും അറിയാനാകും. മത്സ്യം കുരുങ്ങിയാൽ ചരട് പൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കും. ബലം പ്രയോഗിച്ച് വലിച്ചു കയറ്റാൻ ശ്രമിക്കരുത്. ചരട് പരമാവധി അയച്ചു കൊടുക്കുക. തളർന്നുവെന്നു തോന്നുമ്പോൾ മാത്രം മെല്ലെ വലിക്കുക. കൊളുത്ത് വിഴുങ്ങുകയാണെങ്കിൽ മത്സ്യം പെട്ടെന്നു തളരും. വലിയ അയക്കൂറയെ വലിച്ചു കയറ്റാൻ 40 മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നതായും ഇവർ പറയുന്നു. മത്സ്യത്തെ കോരിയെടുക്കുമ്പോഴും കുരുക്ക് നീക്കുമ്പോഴും ശ്രദ്ധിക്കണം. കൊമ്പുകൊണ്ടോ മുള്ളുകൊണ്ടോ ആഴത്തിൽ മുറിവേൽക്കാൻ സാധ്യതയുണ്ട്.
എവിടെയൊക്കെ ചൂണ്ടയിടാം
എല്ലാ തീരങ്ങളിലും ചൂണ്ടയിടാനാവില്ല. വടക്കൻ എമിറേറ്റുകളിലൊഴികെ ലൈസൻസ് നിർബന്ധം. 100 ദിർഹമാണു ഫീസ്. ഷാർജ ഫിഷ് മാർക്കറ്റിനോട് ചേർന്ന് മുനിസിപ്പാലിറ്റി ഓഫിസിൽ അപേക്ഷിക്കാം. താമസരേഖ, വീസ പകർപ്പ്, എമിറേറ്റ്സ് ഐഡി എന്നിവ സഹിതം അപേക്ഷിക്കണം. ദുബായിൽ അനുവദനീയ മേഖലകളിലല്ലാതെ ചൂണ്ടയിട്ടാൽ പിഴയടക്കമുള്ള കടുത്ത നടപടികളുണ്ടാകും. വിവരങ്ങൾക്ക് ദുബായ്, അബുദാബി മുനിസിപ്പാലിറ്റികൾ: dm.gov.ae, dmt.gov.ae