ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിന് നാളെ തുടക്കം. മൂന്നുദിവസത്തെ സന്ദർശനത്തിനിടെ ഷിയാ ആത്മീയാചാര്യനായ ആയത്തുല്ല അലി അൽ സിസ്താനി അടക്കമുള്ളവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. ചരിത്രത്തിലാദ്യമായാണ് ഒരു മാർപാപ്പ ഇറാഖ് സന്ദർശിക്കുന്നത്. 15 മാസങ്ങൾക്ക് ശേഷമാണ് മാർപാപ്പ വിദേശപര്യടനം നടത്തുന്നത്.
ക്രൈസ്തവ, ഇസ്ലാം, യഹൂദ മതങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണിലേയ്ക്ക് ആദ്യമായാണ് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എത്തുന്നത്. നിങ്ങൾ എല്ലാവരും സഹോദരൻമാരാണ് എന്ന വാക്യമാണ് സന്ദർശനത്തിൻറെ പ്രമേയം. ഉച്ചയ്ക്ക് പ്രാദേശികസമയം രണ്ടുമണിക്ക് ബഗ്ദാദിലെത്തുന്ന മാർപാപ്പ തുടർന്ന് ഇറാഖ് പ്രസിഡൻറ്, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പൂർവപിതാവായ അബ്രഹാം ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഊർ സന്ദർശിക്കുന്ന മാർപാപ്പ, നജാഫിലെ ഷിയാ ആത്മീയാചാര്യനായ ആയത്തുല്ല അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. ഇസ്ളാമിക് സ്റ്റേറ്റ് ഭീകരർ തകർത്ത മൊസൂൾ അടക്കം ആറ് നഗരങ്ങളാണ് മാർപാപ്പ സന്ദർശിക്കുന്നത്. യുദ്ധവും അഭ്യന്തര കലാപങ്ങളും ഭീകരാക്രമണവും അതിജീവിക്കുന്ന ഇറാഖിലെ പുരാതന ക്രൈസ്തവ സമൂഹത്തിന് സാന്ത്വനം പകരുകയാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിൻറെ പ്രഥമലക്ഷ്യമെന്ന് വത്തിക്കാൻ വ്യക്തമാക്കി.
മാർപാപ്പയുടെസന്ദർശത്തിന് സുരക്ഷയൊരുക്കാൻ 10,000 സൈനികരെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത്. 2003 ൽ 15ലക്ഷത്തിലധികമായിരുന്ന ഇറാഖിലെ ക്രിസ്ത്യൻ ജനസംഖ്യ ഐ.എസ് ആക്രമണത്തെത്തുടർന്ന് ഒന്നരലക്ഷത്തോളമായി കുറഞ്ഞിരുന്നു. 2,000 ൽ സദ്ദാം ഹുസൈൻ പ്രസിഡൻറായിരിക്കെ ജോൺപോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ബഗ്ദാദ് സന്ദർശനത്തിന് അനുമതി നൽകിയിരുന്നില്ല.