ഇന്ത്യയടക്കം വിവിധരാജ്യങ്ങളിലെ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ അണിനിരത്തി ഷാർജ എക്സ്പോഷർ പ്രദർശനത്തിനു തുടക്കം. പ്രകൃതി, കടൽ, ബഹിരാകാശം തുടങ്ങി വിവിധമേഖലകളിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രദർശനത്തിൽ അവതരിപ്പിക്കുന്നത്. ഷാർജ എക്സ്പോ സെൻററിൽ തുടങ്ങിയ പ്രദർശനം 15 നു സമാപിക്കും.
ഷാർജ ഗവൺമെൻറ് മീഡിയ ബ്യൂറോയുടെ നേതൃത്വത്തിൽ ഷാർജ എക്സ്പോ സെൻററിൽ ഒരുക്കിയിരിക്കുന്ന എക്സ്പോഷർ 2022 ൽ ഇന്ത്യയിൽ നിന്നടക്കം 70 ഫോട്ടോഗ്രാഫർമാരുടെ 1600ഓളം ചിത്രങ്ങൾ കാണാം. കടൽ, വന്യജീവിതം, പ്രകൃതി, പരിസ്ഥിതി, കായികം, യാത്ര, തെരുവ്, കോവിഡ്, നാഗരികത തുടങ്ങി വിവിധ പ്രമേയങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
മേഖലയിലെ ഏറ്റവും വലിയ ഫോട്ടോഗ്രഫി പ്രദർശനത്തിൻറെ ആറാം പതിപ്പിൽ ഇരിങ്ങാലക്കുട സ്വദേശിയും ദുബായിലെ പ്രവാസിമലയാളിയുമായ സജിൻ ശശിധരനും ഇടം നേടി.
ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ശിൽപശാലകൾ, സെമിനാറുകൾ, മൽസരങ്ങൾ എന്നിവയും പ്രദർശനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട്. ഫോട്ടോ പ്രദർശനത്തിനൊപ്പം ക്യാമറയും അനുബന്ധ ഉപകരണങ്ങളും പരിചയപ്പെടാനും വാങ്ങാനും അവസരമുണ്ട്.