uae-rain

TAGS

കടുത്ത ചൂടിന് നേരിയ ആശ്വാസമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. പലയിടങ്ങളിലും ഇടിമിന്നലോടൊപ്പം പെയ്ത മഴയിൽ  വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ശക്തമായ പൊടിക്കാറ്റിന് പിന്നാലെ പെയ്ത മഴയിൽ വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്. അസ്ഥിരകാലാവസ്ഥ മാറുംവരെ ഷാർജയിലെ പാർക്കുകൾ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു.

 

 ഉച്ചയോടെ ചെറിയ ചാറ്റലോടെ തുടങ്ങിയ മഴ പിന്നീട് കനക്കുകയായിരുന്നു. ശക്തമായ കാറ്റും ഇടിമിന്നലോടും കൂടി പെയ്ത മഴയിൽ മരങ്ങൾ കടപുഴകി. കടകളുടെ നേം ബോർഡുകൾ നശിച്ചു. റോഡരികിലെ ഈന്തപ്പനകൾ മുറിഞ്ഞുവീണു. പല റോഡുകളിലും വെള്ളം കയറി. 

 

രാവിലെ മുതൽ രാജ്യത്ത് മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ദുബായ്, അബുദാബി, ഷാർജ, വടക്കൻ എമിറേറ്റുകളിലും ശക്തയമായ പൊടിക്കാറ്റിന് ശേഷമായിരുന്നു മഴ.  വേനൽമഴ തകർത്തു പെയ്തതോടെ അബുദാബി റോഡുകളിലെ വേഗപരിധി പൊലീസ് 140ഇൽ നിന്നും 120 ആയി കുറച്ചു. കാലാവസ്ഥാ അസ്ഥിരമായതോടെ വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതീവ ജാഗ്രതപാലിക്കണമെന്ന് പൊലീസ്  മുന്നറിയിപ്പ് നൽകി.  റോഡുകളിലെ അപകട മുന്നറിയിപ്പുകൾ അനുസരിക്കണം. പൊടിക്കാറ്റിൽ കാഴ്ച മറഞ്ഞാൽ ഹെഡ്‌ലൈറ്റുകൾ പ്രകാശിപ്പിക്കണം. ബുധനാഴ്ച വരെ അസ്ഥിരകാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. അൽ ഐൻ ഉൾപ്പെടെ വിവിധ  പ്രദേശങ്ങളിൽ മഴയോടനുബന്ധിച്ചു നേരത്തെ അധികൃതർ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. അതേസമയം താപനിലയിൽ കാര്യമായ മാറ്റമില്ല. യുഎഇയുടെ ഭൂരിഭാഗവും 45 മുതൽ 48 ഡിഗ്രി സെൽസ്യസ് വരെയാണ് നിലവിലെ താപനില.