നരേന്ദ്രമോദി സർക്കാരിന്റെ 10 വർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള സന്ദേശം യുഎഇയിലെ മൊബൈൽ നമ്പറുകളിലേക്കും. ഇന്ത്യൻ നമ്പറിൽ നിന്നുള്ള വാട്സ് ആപ് സന്ദേശം ഇന്ത്യക്കാരല്ലാത്തവർക്കും ലഭിക്കുന്നുണ്ട്. സ്വകാര്യ നമ്പറുകളിലേക്ക് വരെ സന്ദേശമെത്തിയതിന്റെ ആശങ്കയിലാണ് പലരും. വികസിത് ഭാരത് സമ്പർക്ക് എന്ന പേരിലുള്ള വേരിഫൈഡ് അക്കൗണ്ടിൽ നിന്നാണ് സന്ദേശമെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേന്ന് മുതൽ,, ഇന്ത്യൻ നമ്പറുകളിലേക്ക് വരുന്ന സന്ദേശമാണ് ഇപ്പോൾ യുഎഇ നമ്പറുകളിലും എത്തിയത്.

 

പിഡിഎഫ് അറ്റാച്ച്‌മെന്‍റിന്‍റെ രൂപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തിനൊപ്പം കഴിഞ്ഞ പത്ത് വർഷത്തിനിടെ നടപ്പാക്കിയ പദ്ധതികളും സംരംഭങ്ങളും വ്യക്തമാക്കിയാണ് സന്ദേശം. ജിഎസ്ടി നടപ്പാക്കിയത്, ആർട്ടിക്കൾ 370 എടുത്തുകളഞ്ഞത്, മുത്തലാഖ് നിരോധന നിയമം എന്നിവയെല്ലാം കത്തിൽ പ്രതിബാധിക്കുന്നുണ്ട്. ജനങ്ങളോട് അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താനും ആവശ്യപ്പെട്ടുകൊണ്ടാണ് ഹിന്ദിയിലും ഇംഗ്ലീഷിലുമായി വന്ന സന്ദേശം. ഇന്ത്യക്കാർക്ക് പുറമെ പാക്കിസ്ഥാൻ, യുഎഇ, ബ്രിട്ടൻ ഉൾപ്പെടെയുള്ള അന്യരാജ്യക്കാർക്കും സന്ദേശമെത്തിയിട്ടുണ്ട്. യുഎഇ നമ്പറുകളിലേക്ക് എങ്ങിനെ ഇന്ത്യൻ സർക്കാരിന്റെ സന്ദേശമെത്തിയെന്ന ആശങ്കയിലാണ് ജനങ്ങൾ. ഡേറ്റാ സ്വകാര്യതയുടെ ലംഘനത്തെക്കുറിച്ചും പലരും ആശങ്ക പ്രകടിപ്പിച്ചു.  

 

 

Non Indians in UAE get message about modis development plans on UAE numbers